കോർപറേഷൻ വൈദ്യുതി ജീവനക്കാർ സമരത്തിന്
1536211
Tuesday, March 25, 2025 6:36 AM IST
തൃശൂർ: ഏഴുവർഷമായി ശന്പളപരിഷ്കരണമില്ലാത്ത കോർപറേഷൻ വൈദ്യുതിവിഭാഗം ജീവനക്കാരും പെൻഷൻകാരും സമരത്തിലേക്ക്. തൃശൂർ പൂരത്തിന്റെ മുന്നൊരുക്കം നടക്കുന്നതിനിടെ ജീവനക്കാർ ടൂൾകിറ്റ് ഡൗണ്‍ സമരത്തിനു നോട്ടീസ് നൽകും.
സമരത്തിനു മുന്നോടിയായി ഇന്നു കോർപറേഷൻ അങ്കണത്തിൽ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിക്കും. 2021 ജൂണ്‍മുതൽ ശന്പളപരിഷ്കരണ നിർദേശം സർക്കാരിലേക്കു സമർപ്പിക്കുന്നുണ്ടെന്നും നിരവധിതവണ സെക്രട്ടറിതലയോഗങ്ങൾ കഴിഞ്ഞിട്ടും മേയർ ഉൾപ്പെടെയുള്ള കോർപറേഷൻ അധികൃതർ നേരിൽ സമീപിച്ചിട്ടും മന്ത്രി എം.ബി. രാജേഷ് തീരുമാനമെടുക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു.
1937ൽ തൃശൂർ നഗരസഭ വൈദ്യുതിവിഭാഗം രൂപീകരിച്ച് ഇരുപതുവർഷത്തിനുശേഷമാണ് കെഎസ്ഇബി രൂപീകരിച്ചത്. അന്നുമുതൽ ബോർഡിൽനിന്നു വൈദ്യുതി വാങ്ങിയാണ് തൃശൂർ നഗരപ്രദേശത്തു വിതരണം ചെയ്യുന്നത്. ജീവനക്കാരുടെ നിയമനം, വിദ്യാഭ്യാസയോഗ്യത, തൊഴിൽ, സമയക്രമം എന്നിവയെല്ലാം കെഎസ്ഇബിക്കു സമാനമാണ്. 2013 വരെ ശന്പളപരിഷ്കരണങ്ങൾ കെഎസ്ഇബിക്കു തുല്യമാണ്.
ശന്പളവർധനകൊണ്ടുള്ള ബാധ്യത നഗരസഭ വൈദ്യുതിവിഭാഗത്തിന്റെ തനതുഫണ്ടിൽ നിക്ഷിപ്തമായതിനാൽ സർക്കാരിന് അധികബാധ്യതയുണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. 2018ൽ കെ എസ്ഇബിയിൽ നടപ്പാക്കിയ ശന്പളവർധന കോർപറേഷൻ വൈദ്യുതിവിഭാഗത്തിലും നടപ്പാക്കണമെന്നും തദ്ദേശസ്വയംഭരണമന്ത്രി ഇടപെടണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
സമരവുമായി സംയുക്ത ട്രേഡ് യൂണിയൻ മുന്നോട്ടുപോകുന്നതു തൃശൂർപൂരത്തെ അടക്കം ബാധിക്കും. സമരത്തിന്റെ ആദ്യപടിയായി രാത്രിയിൽ വൈദ്യുതിവിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിൽനിന്നു വിട്ടുനിൽക്കും. ഇക്കാര്യമറിയിച്ചു മാനേജ്മെന്റിനു നോട്ടീസ് നൽകുമെന്നും നേതാക്കൾ പറഞ്ഞു.