വാഴാനിയിലെ മ്യൂസിക്കൽ ഫൗണ്ടൻ: നിർമാണം ദ്രുതഗതിയിൽ
1535926
Monday, March 24, 2025 1:19 AM IST
വാഴാനി: വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനു പുതിയ താളം നൽകുകയാണു വാഴാനി ഡാമിൽ നിർമാണം പുരോഗമിക്കുന്ന സംഗീത ജലധാര. വടക്കാഞ്ചേരി ടൂറിസം കോറിഡോർ യാഥാർഥ്യത്തിലേക്ക് പുരോഗമിക്കുമ്പോൾ അതിൽ ഒരു പ്രധാന ആകർണമായിരിക്കും ഈ മ്യൂസിക്കൽ ഡാൻസിംഗ് ഫൗണ്ടൻ.
വാഴാനി ഗ്രാവിറ്റി എർത്ത് ഡാമിനോടു ചേർന്നുള്ള നാലേക്കർ പൂന്തോട്ടത്തിലാണ് 5.99 കോടിരൂപ ചെലവുവരുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നത്. ലോകത്തിലെത്തന്നെ ഒരു പ്രധാന ടൂറിസം ആകർഷണമായ സംഗീത ജലധാര ആസ്വാദിക്കാൻ നിലവിൽ മറ്റു സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിക്കുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഡസ്റ്റിനേഷനായി വാഴാനിയെ മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പൂർണമായി മണ്ണുകൊണ്ട് നിർമിച്ച എഴുപതിലേറെ ഫൗണ്ടനിലൂടെ വെള്ളം ജലധാരയായി പമ്പുചെയ്ത് അതിലേക്ക് ലേസർലൈറ്റുകൾ പ്രൊജക്ട് ചെയ്ത് 15 മിനിറ്റോളം നീണ്ടുനിൽക്കുന്ന മെഗാ ഡിസ്പ്ലേ ഷോ പ്രദർശിപ്പിക്കുന്ന മെഗാ പദ്ധതിയാണ് വാഴാനി മ്യൂസിക്കൽ ഫൗണ്ടൻ.
58.8 കോടിയുടെ കിഫ്ബി പദ്ധതിയായ പീച്ചി - വാഴാനി ടൂറിസം കോറിഡോറിന്റെ ഭാഗമായുള്ള റോഡിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ തൃശൂർ ജില്ലയിലെത്തുന്ന ടൂറിസ്റ്റുകളെ വടക്കാഞ്ചേരി മണ്ഡലത്തിലെ ടൂറിസം സർക്ക്യൂട്ടുമായി കൂട്ടിയിണക്കാനാകും.
ഇതിലൂടെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായി വാഴാനി മാറുമെന്നാണ് പ്രതീക്ഷ.