സ്വകാര്യ സ്റ്റാർട്ടപ് കന്പനിക്ക് ഭൂമി കൈമാറരുത്: പരിഷത്ത്
1535924
Monday, March 24, 2025 1:19 AM IST
തൃശൂർ: ജില്ലാ പഞ്ചായത്തിനു കീഴിൽ രാമവർമപുരത്തു പ്രവർത്തിക്കുന്ന വിജ്ഞാൻ സാഗർ ശാസ്ത്രസാങ്കേതിക പാർക്കിന്റെ ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ സ്റ്റാർട്ടപ് സ്ഥാപനത്തിനു കൈമാറാനുള്ള നീക്കം പിൻവലിക്കണമെന്നു ശാസ്ത്രസാഹിത്യ പരിഷത്ത്. സ്കൂൾ വിദ്യാർഥികൾക്കു ശാസ്ത്രീയാവബോധം നൽകുന്നതിനുള്ള സ്ഥാപനത്തെ ശക്തിപ്പെടുത്തുന്നതിനു പകരം റോബോ പാർക്ക് സ്ഥാപിക്കാൻ കൈമാറരുതെന്നും പരിഷത്ത് കോലഴി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
വിജ്ഞാൻ സാഗറിന്റെ സ്ഥിതി പരിതാപകരമാണ്. ഭൗതികശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ പരിചയപ്പെടുത്തുന്ന പ്രവർത്തന മാതൃകകൾ അവതരിപ്പിക്കുന്ന നൂറോളം എക്സിബിറ്റുകളിൽ പലതും പ്രവർത്തന രഹിതമാണ്. യഥാസമയം ഇവയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല. സ്ഥാപനത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന റോക്കറ്റിന്റെ മാതൃക പെയിന്റിംഗ് നടത്താതെ തുരുന്പെടുത്തു. ഈ അവസ്ഥയിലാണ് എട്ടേക്കർ ഭൂമി കൈമാറാനുള്ള നീക്കമെന്നും ഇതിൽനിന്നു പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
യുവശാസ്ത്രജ്ഞൻ ഡോ.എ.കെ. ശിവദാസ് സമ്മേളനം ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് പ്രീത ബാലകൃഷ്ണൻ, സെക്രട്ടറി വി.കെ. മുകുന്ദൻ, ട്രഷറർ എം.എൻ. ലീലാമ്മ, ജില്ലാ കമ്മിറ്റി അംഗം സി. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി പ്രീത ബാലകൃഷ്ണനെയും സെക്രട്ടറിയായി വി.കെ. മുകുന്ദനെയും ട്രഷററായി എം.എൻ. ലീലാമ്മയെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.