ഭക്ഷ്യ എണ്ണകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ
1535808
Sunday, March 23, 2025 7:33 AM IST
തൃശൂർ: ഉപയോഗയോഗ്യമായ ഭക്ഷ്യ എണ്ണകളുടെ വിശദാംശങ്ങൾ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ മൗനം പാലിച്ചതിനെ മനുഷ്യാവകാശ കമ്മീഷൻ വിമർശിച്ചു. റിപ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും അംഗം വി. ഗീത ഭക്ഷ്യസുരക്ഷ കമ്മീഷണർക്കു നൽകിയ ഉത്തരവിൽ പറഞ്ഞു.
ജില്ലയിൽ ഭക്ഷ്യ എണ്ണ വിതരണ, ഉത്പാദന സ്ഥാപനങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് എണ്ണകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം പരാതിക്കാരൻ ഉന്നയിച്ചത്. ഇപ്രകാരം ചെയ്താൽ മായം കലർന്ന എണ്ണകൾ ഉപയോഗിക്കുന്നതു തടയാമെന്നും പരാതിക്കാരൻ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏതെങ്കിലും ഭക്ഷ്യഎണ്ണയ്ക്കു നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നു ഭക്ഷ്യസുരക്ഷ കമ്മീഷണർ അറിയിച്ചു. 29നു രാമനിലയത്തിൽ നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും. പുന്നയൂർക്കുളം സ്വദേശി കെ. ശ്രീജിത്ത് സമർപ്പിച്ച പരാതിയിലാണു നടപടി.