തിരുത്ത് ഫിലിമോത്സവ് വിയ്യൂർ ജയിലിൽ നാളെമുതൽ
1535807
Sunday, March 23, 2025 7:33 AM IST
തൃശൂർ: തടവുകാർക്ക് സിനിമയിലൂടെ പുനർചിന്തനത്തിന് അവസരമൊരുക്കുകയെന്ന ആശയവുമായി അന്താരാഷ്ട്ര ചലച്ചിത്രമേള- തിരുത്ത് ഫിലിമോത്സവ് 2025നു വിയ്യൂർ ജയിലിൽ വേദിയൊരുങ്ങുന്നു.
വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം ലൈബ്രറി കെട്ടിടത്തിൽ നാളെ മുതൽ 28വരെയാണു ഫിലിമോത്സവം. നാളെ രാവിലെ 11നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. റഫീഖ് അഹമ്മദ്, സുനിൽ സുഖദ, പ്രിയനന്ദനൻ, പി.എൻ. ഗോപികൃഷ്ണൻ, ഐ.എം. വിജയൻ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ മുഖ്യാതിഥികളാകും.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തൃശൂർ, കേരള ചലച്ചിത്ര അക്കാദമി, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ എന്നിവർ സംസ്ഥാന ജയിൽ വകുപ്പുമായി സഹകരിച്ചാണു ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ആദ്യമായാണു ജയിലിൽ ചലച്ചിത്രോത്സവത്തിനു വേദിയൊരുങ്ങുന്നത്. അഞ്ചുദിവസം നീളുന്ന ലോക ക്ലാസിക് സിനിമകളുടെ മേളയിൽ പത്തിലധികം രാജ്യങ്ങളിൽനിന്നുള്ള 25ഓളം ഫീച്ചർ, നോൺ ഫീച്ചർ സിനിമകൾ പ്രദർശിപ്പിക്കും. ഇന്ത്യ, ഫ്രഞ്ച്, ഡച്ച്, ജോർജിയ, ജപ്പാൻ, ബംഗ്ലാദേശ്, ഇറ്റലി, പെറു, യുഎസ്എ എന്നിവിടങ്ങളിൽനിന്നുള്ള ക്ലാസിക് സിനിമകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
പത്രസമ്മേളനത്തിൽ ഐഎഫ്എഫ്ടി ചെയർമാൻ എം.പി. സുരേന്ദ്രൻ, ജനറൽ കോ ഓർഡിനേറ്റർ ബേസിൽ ഏലിയാസ്, ചെറിയാൻ ജോസഫ്, എ. നന്ദകുമാർ, കൃഷ്ണൻകുട്ടി മാസ്റ്റർ, എ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.