യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: ഒരാള്‍കൂടി പിടിയില്‍
1535771
Sunday, March 23, 2025 7:03 AM IST
ഇരിങ്ങാലക്കുട: കല്പ്പറമ്പില് വീട്ടിലേക്ക് അതിക്രമിച്ചുകയറി പ്രണവ് എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആനന്ദപുരം പള്ളത്തു വീട്ടില്‍ കണ്ണാപ്പി എന്നു വിളിക്കുന്ന അക്ഷയ് (27) യാണ് അറസ്റ്റിലായത്. 2024 സെപ്റ്റംബര്‍ 24 ന് രാത്രി 11 മണിക്കാണ് സംഭവം.
മാരകായുധങ്ങളുമായി കല്പറമ്പിലുള്ള പള്ളിപ്പുറം വീട്ടില്‍ പ്രണവി(32)ന്റെ വീട്ടിലേക്ക് ആറുപേരടങ്ങിയ സംഘം ചെല്ലുകയും പ്രണവിനെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയി മര്‍ദിച്ചും വടികൊണ്ട് പ്രണവിന്റെ തലയ്ക്കടിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
കാട്ടൂര്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, സബ് ഇന്‍സ്പെക്ടര്‍ ബാബു ജോര്‍ജ് സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ വെളയനാട് ചന്ത്രാപ്പിന്നി വീട്ടില്‍ അബു താഹിര്‍ (31), വെളയനാട് വഞ്ചിപുര വീട്ടില്‍ ആന്സന് (31), ആനന്ദപുരം എടയാറ്റുമുറി ഞാറ്റുവെട്ടി വീട്ടില്‍ അനുരാജ് (27) എന്നീ പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.