കുണ്ടായിയില്‍ പുലി പശുക്കുട്ടിയെ ആക്രമിച്ചു
1535262
Saturday, March 22, 2025 1:00 AM IST
പാലപ്പിള്ളി: കുണ്ടായിയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചു. വാര്‍ഡ് മെംബര്‍ ഷീല ശിവരാമന്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. പശുക്കുട്ടിയുടെ കഴുത്തിനു പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇവരുടെ പാഡിക്കു പിറകിലെ തൊഴുത്തിലാണ് പുലിയിറങ്ങിയത്.
പശുക്കളുടെ കരച്ചില്‍കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും പുലി സമീപത്തെ തോട്ടത്തിലേക്ക് കടന്നതായി പറയുന്നു. പാലപ്പിള്ളിയില്‍നിന്ന് വനപാലകരെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പശുക്കുട്ടിയുടെ കഴുത്തിലെ മുറിവുകള്‍ പരിശോധിച്ചാണ് പുലിയാണ് ആക്രമിച്ചതെന്ന് വനപാലകര്‍ സ്ഥിരീകരിച്ചത്. രണ്ടുമാസംമുമ്പ് ഇതേ പശുക്കുട്ടിയെ പുലി ആക്രമിച്ചിരുന്നു.
മൂന്നാംതവണയാണ് ഇവരുടെ തൊഴുത്തില്‍ പുലിയിറങ്ങുന്നത്.
കഴിഞ്ഞവര്‍ഷം പുലിയിറങ്ങി പശുവിനെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയില്‍ പുലിയിറങ്ങിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിണ് നാട്ടുകാരുടെ ആവശ്യം.
പുലിയെ കണ്ടെത്താൻ കാമറ സ്ഥാപിച്ചു
പാലപ്പിള്ളി: കുണ്ടായിയിൽ പുലിയെ നിരീക്ഷിക്കാൻ വനംവകുപ്പ് കാമറ സ്ഥാപിച്ചു. പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ച തൊഴുത്തിനോടുചേർന്നാണ് കാമറ സ്ഥാപിച്ചത്.
കഴിഞ്ഞവർഷം ഇവരുടെ പശുവിനെ പുലി കൊന്നിരുന്നു. ഇതേത്തുടർന്ന് ട്രാപ്പ് കാമറ സ്ഥാപിച്ചിരുന്നുവെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കാമറ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം മനസിലാക്കിയശേഷം തുടർനടപടികൾ എടുക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.