തർക്കത്തിനിടെ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
1535212
Friday, March 21, 2025 11:17 PM IST
കാളമുറി: ദേശീയപാതയിൽ കയ്പമംഗലം കാളമുറിയിൽ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. എടമുട്ടം പടിഞ്ഞാറ് കഴിമ്പ്രം സ്വദേശി തോട്ടുപറമ്പത്ത് സജീവൻ (58) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് നാലോടെ കാളമുറി സെന്ററിന് വടക്ക് ഭാഗത്താണ് സംഭവം. തെക്ക് ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന സജീവന്റെ സ്കൂട്ടറിൽ ഇതേ ദിശയിൽ തന്നെ വന്നിരുന്ന കണ്ടെയ്നർ ലോറി തട്ടാൻ പോയതിനെ തുടർന്ന് കണ്ടെയ്നർ ലോറി ജീവനക്കാരനുമായി സജീവൻ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.
ഈ സമയം അതുവഴി വന്നിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇതിൽ ഇടപെട്ട് സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് സജീവൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നു പറയുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ചെന്ത്രാപ്പിന്നിയിലെ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.