മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്ണമെന്റ്്്
1534945
Friday, March 21, 2025 1:23 AM IST
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ(എകെസിസി) നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്് 23 മുതല്‍ 30 വരെ രാത്രി ഏഴിന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
കേരളത്തിലെ പ്രമുഖ ടീമുകളും വിദേശ കളിക്കാരും പങ്കെടുക്കും.
23ന് വൈകീട്ട് ഏഴിന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ടൂര്‍ണമെന്റ്് ഉദ്ഘാടനം ചെയ്യും. സെന്റ് തോമസ് കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ് രഞ്ജി അക്കരക്കാരന്‍ അധ്യക്ഷത വഹിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മുൻ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.വി. പാപ്പച്ചന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
തുടര്‍ന്നുനടക്കുന്ന ആദ്യ മത്സരത്തില്‍ ചീനിക്കാസ് ചാലക്കുടി കാളിദാസ എഫ്സി തൃശൂരിനെ നേരിടും. 30ന് ഫൈനല്‍ നടക്കും. മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനദാനം നിര്‍വഹിക്കും.
കേരളത്തിലെ അതിപ്രശസ്ത ടീമുകളായ എംഎംടി കൊച്ചിന്, പ്ലേ ബോയ്സ് കോഴിക്കോട്, ജിഎസ്ടി തൃശൂർ, ഓര്‍ബിറ്റ് മലപ്പുറം, സുകന്യ പെരുമ്പാവൂര്‍, ഒആര്പിസി കേച്ചേരി, ചീനിക്കാസ് ചാലക്കുടി, കാളിദാസ എഫ്സി തൃശൂര്‍ തുടങ്ങിയ ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങളും, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ഇരിങ്ങാലക്കുട വെറ്റ റന്‍സ് (പഴയകാല ഫുട്ബോള്‍ പ്രതിഭകള്‍) തമ്മിലും സിഎംഐ വൈദികരും ഇരിങ്ങാലക്കുട രൂപത ജീസസ് യൂത്തും തമ്മിലുള്ള പ്രദര്‍ശന മത്സരങ്ങളും ടൂര്‍ണമെന്റില്‍ ഉണ്ടായിരിക്കുമെന്ന് കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.