ആരോഗ്യവകുപ്പ് പരിശോധന നടത്തി, എക്സൈസിനു നോട്ടീസ്
1534939
Friday, March 21, 2025 1:23 AM IST
കേച്ചേരി: കുന്നംകുളം റേഞ്ച് എക്സൈസ് ഓഫീസിന്റെ പരിസരത്തു ചൂണ്ടൽ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. മലിനജലം കെട്ടിക്കിടക്കുന്നതു കണ്ടെത്തി നോട്ടീസ് നൽകി.
ചൂണ്ടലിലെ സ്വകാര്യകെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസിന്റെ അടിയിലെ ഫ്ലോറിൽ എക്സൈസ് അധികൃതർ സൂക്ഷിച്ചിരുന്ന വീപ്പകളിലാണ് മലിനജലം കെട്ടിക്കിടക്കുന്നതു കണ്ടെത്തിയത്. വിവിധ സ്ഥലത്തുനിന്ന് എക്സൈസ് പിടിച്ചെടുത്ത വാഷ് സൂക്ഷിച്ചിരുന്ന വീപ്പകളിലാണ് മലിനജലം കെട്ടിക്കിടന്നിരുന്നത്. പരിസരമലിനീകരണം ഉണ്ടാക്കിയതിന് 5,000 രൂപ പിഴ അടയ്ക്കുന്നതിനാണ് എക്സൈസ് ഇൻസ്പെക്ടർ കെ. മണികണ്ഠന് ആരോഗ്യവകുപ്പ് അധികൃതർ നോട്ടിസ് നൽകിയത്.
ഒരാഴ്ചയ്ക്കുള്ളിൽ മാലിന്യങ്ങൾ മാറ്റി പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനു നിർദേശം നൽകുകയും ചെയ്തു. ചൂണ്ടൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.ജെ. മേരി ജിഷയുടെ നേതൃത്വത്തിലുള്ള ടീമാണ് പരിശോധന നടത്തിയത്.