ചാലക്കുടി, കൊടുങ്ങല്ലൂര്‍ അപകടങ്ങള്‍: നടപടിയുമായി അധികൃതര്‍
1532742
Friday, March 14, 2025 1:42 AM IST
പോട്ട ആശ്രമം സിഗ്നൽജംഗ്ഷനിലെ
അപകടങ്ങൾ: ഇന്ന് അടിയന്തര ചർച്ച
ചാലക്കുടി: ദേശീയപാതയിൽ പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികളെ സംബന്ധിച്ച് ദേശീയപാത അധികൃതരുമായി ഇന്നു രാവിലെ കൂടിയാലോചന നടത്തുമെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎയും നഗരസഭ ചെയർമാൻ ഷിബു വാലപ്പനും അറിയിച്ചു
.
ഇവിടെ അനുവദിച്ചിട്ടുള്ള അണ്ടർപാസേജിന്റെ നിർമാണം അടിയന്തരമായി ആരംഭിക്കുന്നതു സംബന്ധിച്ചും ഗതാഗതനിയന്ത്രണം സംബന്ധിച്ചും ചർച്ചയിൽ തീരുമാനമെടുക്കും. പോലീസ്, റോഡ് ട്രാൻസ്പോർട്ട്, പിഡബ്ല്യുഡി അധികൃതരും പങ്കെടുക്കും.
സിഗ്നൽ ജംഗ്ഷൻ
ബിജെപി പ്രവർത്തകർ അടച്ചുകെട്ടി,
പോലീസ് തുറന്നു
ചാലക്കുടി: തുടർച്ചയായി അപകടങ്ങൾസംഭവിക്കുന്ന ദേശിയപാതയിലെ പോട്ട ആ ശ്രമം സിഗ്നൽ ജംഗ്ഷൻ ബിജെപി പ്രവർത്തകർ അടച്ചുകെട്ടി.
അപകടങ്ങൾ പതിവായിട്ടും സിഗ്നൽജംഗ്ഷൻ അടച്ച് അപകടങ്ങൾ ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി പ്രവർത്തകരെത്തി സിഗ്നൽ ജംഗ്ഷൻ അടച്ചുകെട്ടിയത്. ദേശിയപാത അധികൃതരാണ് നടപടി എടുക്കേണ്ടതെന്ന പേരിൽ പോലീസെത്തി സിഗ്നൽ ജംഗ്ഷൻ തുറന്നു.
വഴിയിൽ വീണ കേബിളുകൾ നീക്കണം
കൊടുങ്ങല്ലൂർ: നഗരത്തിലെ പൊട്ടിവീണുകിടക്കുന്നതും തൂങ്ങിക്കിടക്കുന്നതുമായ കേബിളുകൾ അടിയന്തരമായി നീക്കംചെയ്യുന്നതിന് നഗരസഭ വിളിച്ചുചേർത്ത കേബിൾ ഓപ്പറേറ്റർമാരുടെ യോഗത്തിൽ തീരുമാനിച്ചു.
എല്ലാ കേബിൾ ഓപ്പറേറ്റർമാരും 25നകം വഴിയിൽ അപകടകരമായി വീണുകിടക്കുന്ന കേബിളുകൾ നീക്കംചെയ്യണം. എല്ലാ കേബിളുകൾക്കും ടാഗിംഗ് നടത്തണമെന്നും കെഎസ്ഇബി അധികൃതരുമായും നഗരസഭയുംചേർന്ന് സംയുക്ത പരിശോധന നടത്തണമെന്നും തീരുമാനിച്ചു. അതിനുശേഷവും നീക്കംചെയ്യാത്ത കേബിളുകൾ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. കഴിഞ്ഞദിവസം ചന്തപ്പുര കോട്ടപ്പുറം ബൈപാസിൽ സ്കൂട്ടർയാത്രക്കാരിയായ യുവതി കേബിൾ കഴുത്തിൽചുറ്റി അപകടത്തിൽപെട്ട സാഹചര്യത്തിലാണ് നഗരസഭ യോഗം വിളിച്ചുചേർത്തത്. ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷതവഹിച്ചു.
ലത ഉണ്ണികൃഷ്ണൻ, ഒ.എൻ. ജയദേവൻ, കെ.ആർ. ജൈത്രൻ, ഫ്രാൻസിസ്, നഗരസഭാ സെക്രട്ടറി എൻ.കെ. വൃജ എന്നിവർ പ്രസംഗിച്ചു.