നന്തിപുലത്ത് വെടിക്കെട്ടിനിടെ ആന വിരണ്ടു
1532737
Friday, March 14, 2025 1:42 AM IST
വരന്തരപ്പിള്ളി: നന്തിപുലം പയൂർക്കാവ് ക്ഷേത്ര പൂരത്തിന്റെ വെടിക്കെട്ട് നടക്കുന്നതിനു സമീപം തളച്ചിട്ട ആന തീയും ശബ്ദവുമേറ്റു വിരണ്ട് പിൻതിരിഞ്ഞ് പാപ്പാനെ തട്ടിയിട്ടു. വ്യാഴാഴ്ച വൈകിട്ട് ഏഴിന് കൂട്ടിയെഴുന്നള്ളിപ്പിനുശേഷം ക്ഷേത്രപറന്പിനോടു ചേർന്നു തളച്ച കൊന്പനാണു വിരണ്ടത്. പൂരം എഴുന്നള്ളിപ്പിനെത്തിയ ഏഴിൽ രണ്ടാനകളെയാണ് സ്വകാര്യവ്യക്തിയുടെ പറന്പിൽ തളച്ചിരുന്നത്. ഇതിൽ ഒരാനയെ വെടിക്കെട്ടിന്റെ അവസാനത്തെ കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലത്തിന് പത്തു മീറ്റർ മാത്രം അകലെയായിരുന്നു തളച്ചത്. വെടിക്കെട്ടിന്റെ ശബ്ദവും ചൂടും അസഹനീയമായതോടെ പിൻതിരിയാൻ ശ്രമിച്ച ആന പിറകിൽ നിന്ന പാപ്പാനെ പിൻകാലുകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു.
വെടിക്കെട്ട് കാണാൻ നിരവധി നാട്ടുകാർ എത്തിയ സമയത്താണ് ആന പിണങ്ങിയത്. വിരണ്ട കൊന്പൻ ഓടാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി. ഈ സമയം എലിഫന്റ് സ്ക്വാഡ് സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ആനയെ വെടിക്കെട്ടിനു സമീപത്ത് നിർത്തിയത് ആരും ഗൗരവമായെടുത്തില്ല. ആന നിൽക്കുന്നതു ശ്രദ്ധിക്കാതെ വെടിക്കെട്ട് നടത്തിയതും വിമർശനത്തിനിടയാക്കി. കഴിഞ്ഞമാസം കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു മൂന്നുപേർ മരിച്ചിരുന്നു. തൊട്ടടുത്തുണ്ടായ ദുരന്തത്തിന്റെ സാഹചര്യത്തിൽ വെടിക്കെട്ടിനു സമീപം ആനയെ നിർത്തിയത് വലിയ വിമർശനത്തിനിടയാക്കുന്നുണ്ട്.