മയിലാടിക്കുന്നിലെ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ ഉത്തരവ്
1532736
Friday, March 14, 2025 1:42 AM IST
എരുമപ്പെട്ടി: വേലൂർ തയ്യൂരിലെ മയിലാടിക്കുന്നിലെ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ പഞ്ചായത്ത് ഉത്തരവ് നൽകി. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്നാണു പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശപ്രകാരം സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയത്.
ഇതിനോടുചേർന്ന കുന്നത്തുപുരയ്ക്കൽ നഗറിൽ 40 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വീട് നിർമ്മാണത്തിന് വേണ്ടിയാണ് 940 സ്ക്വയർഫീറ്റ് സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകിയതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിലവിൽ അനുവദിച്ച അളവിൽ മണ്ണ് നീക്കിയിട്ടുണ്ടെന്നു കണ്ടെത്തുകയും പെർമിറ്റ് കാലാവധി അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രസിഡന്റ് ടി.ആർ ഷോബിയുടെ നിർദേശപ്രകാരം മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ സെക്രട്ടറി ഉത്തരവ് നൽകിയത്. ഈ സ്ഥലത്ത് വീട് നിർമാണം നടത്തിയില്ലെങ്കിൽ സ്ഥലമുടമയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
ദീപപ്രതിരോധംതീർത്ത് നാട്ടുകാർ
എരുമപ്പെട്ടി: തയ്യൂർ മയിലാടിക്കുന്നിൽ വ്യാപകമായി നടക്കുന്ന മണ്ണെടുപ്പിനെതിരേ നാട്ടുകാർ ദീപപ്രതിരോധം തീർത്തു. ചിരാതുകൾ തെളിയിച്ച് പ്രകാശ സംരക്ഷിതവലയം തീർത്താണു പ്രതിരോധം തീർത്തത്. വേലൂർ ഗ്രാമപഞ്ചായത്തംഗം പി.എൻ. അനിൽ ഉദ്ഘാടനം ചെയ്തു. വ്യാജ വീട് പെർമിറ്റുകളുടെ പേരിലാണ് വ്യാപകമായി മണ്ണെടുപ്പ് നടത്താൻ ശ്രമിച്ചതെന്നു യോഗം ആരോപിച്ചു.
മണ്ണെടുപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ഉൾപ്പടെയുള്ള അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശവാസികൾ ചിരാതുകൾ തെളിയിച്ച് സംരക്ഷിത പ്രകാശവലയം തീർത്ത് മണ്ണെടുപ്പുവാഹനങ്ങൾ പ്രവേശിക്കുന്നതു തടഞ്ഞു.
ജനകീയ പ്രതിരോധസമിതി കണ്വീനർ ജയൻ കുന്നത്തുപുര അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുകുമാരൻ, മുൻ പഞ്ചായത്തംഗം എൽസി ഒൗസേഫ്, യൂത്ത് കോണ്ഗ്രസ് നേതാവ് അൻസാർ തയ്യൂർ, കോണ്ഗ്രസ് വാർഡ് വൈസ് പ്രസിഡന്റ് ജയചന്ദ്രൻ തയ്യൂർ, സുരേഷ് തയ്യൂർ, അജീഷ്, യേശുദാസ്, ഉദയൻ കുന്നത്തുപുര എന്നിവർ സംസാരിച്ചു.