സാന്പത്തികബുദ്ധിമുട്ടുകൾ വലച്ചെങ്കിലും കൈവിടാതെ ഡോക്ടർമാർ
1532734
Friday, March 14, 2025 1:42 AM IST
തൃശൂർ: കോർപറേഷൻ ജനറൽ ആശുപത്രിയിൽ കാർഡിയോളജിവിഭാഗത്തിൽ വയോധികരായ രണ്ടുപേരുടെ ജീവൻ അതിസങ്കീർണമായ ആൻജിയോപ്ലാസ്റ്റിയിലൂടെ തിരികെ ലഭിച്ചു.
ഹൃദയത്തിലെ രക്തധമനികളിൽ മാരകമായ കാത്സ്യം അടിഞ്ഞുകൂടിയ ബ്ലോക്ക് കണ്ടെത്തിയ ഇരുവർക്കും അടിയന്തിരമായി ബൈപാസ് സർജറിയും ആവശ്യമായിരുന്നു. എന്നാൽ സാന്പത്തിക ബുദ്ധിമുട്ടുകൊണ്ടും പരിചരിക്കാൻ ആളില്ലാത്തതിനാലും സർജറി നിരസിച്ച ഇരുവർക്കുമാണ് ആശുപത്രി രക്ഷകരായത്.
ഇത്തരം മാരകമായ ബ്ലോക്കോടുകൂടി രോഗിയെ വീട്ടിൽ പറഞ്ഞയച്ചാൽ ഏതുസമയത്തും മരണം സംഭവിക്കാവുമെന്ന് ഉറപ്പുള്ള ഡോക്ടർമാർ, ആൻജിയോപ്ലാസ്റ്റി ചെയ്യുന്പോൾ ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളെപ്പറ്റി രോഗികളുടെ ബന്ധുക്കളെ പറഞ്ഞുമനസിലാക്കുകയായിരുന്നു. തുടർന്നാണ് ഇവരെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയരാക്കി അതിനൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചികിത്സ നടത്തിയത്. കാർഡിയോളജിസ്റ്റുമാരായ ഡോ. എ. കൃഷ്ണകുമാർ, ഡോ. വിവേക് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ബ്ലോക്ക് നീക്കംചെയ്തത്.
സ്റ്റാഫ് നഴ്സുമാരായ ജിന്റോ ജോസ്, ശ്രുതി, ബിന്റോ, ജെസി, ജിപ്സി ടെക്നീഷൻമാരായ ദിവ്യ, ശ്രീലക്ഷ്മി എന്നിവരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സ്വകാര്യ ആശുപത്രിയിൽ നാലും അഞ്ചും ലക്ഷം വരെ ചെലവുവരുന്ന ചികിത്സ തികച്ചും സൗജന്യമായാണ് ആശുപത്രിയിൽ നൽകാൻ സാധിച്ചത്. ഇരുവരുടെയും രക്ഷകരായ ആരോഗ്യപ്രവർത്തകരെ മേയർ എം.കെ. വർഗീസ് ആശുപത്രിയിൽ നേരിട്ടെത്തി അനുമോദിച്ചു.