മാനസികാരോഗ്യകേന്ദ്രം പ്രതിസന്ധി; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
1532729
Friday, March 14, 2025 1:42 AM IST
തൃശൂർ: സർക്കാർ ഫണ്ട് ലഭിക്കാതെ തൃശൂർ മാനസികാരോഗ്യകേന്ദ്രം നടത്തിപ്പ് താളംതെറ്റുന്ന സാഹചര്യം ഒഴിവാക്കാൻ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്.
മാസങ്ങളായി സർക്കാർ ഫണ്ട് ലഭിക്കാതായതോടെ വൈദ്യുതി, ഭക്ഷണം, വെള്ളം കുടിശിക ലക്ഷങ്ങൾ കടന്നതു ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറിയും കൗൺസിലറുമായ ജോൺ ഡാനിയൽ മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലാണു നടപടി. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനായി മുഖ്യമന്ത്രിയുടെ അണ്ടർ സെക്രട്ടറി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറി.
സർക്കാരിന്റെ സാമ്പത്തികഞെരുക്കം മാനസികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനത്തിനു തടസമാകരുതെന്നും ഫണ്ട് ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജോൺ ഡാനിയൽ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഫണ്ട് ലഭിക്കാതായതോടെ മാനസികാരോഗ്യകേന്ദ്രം നടത്തിപ്പ് പ്രതിസന്ധിയിലാണെന്നു ദീപിക കഴിഞ്ഞദിവസം വാർത്ത നല്കിയിരുന്നു. എട്ടുമാസത്തെ വൈദ്യുതി കുടിശിക എട്ടുലക്ഷമായെന്നും അന്തേവാസികൾക്കു ഭക്ഷണം നൽകുന്നതിൽ 18 ലക്ഷവും വെള്ളക്കരം 5.5 ലക്ഷം രൂപയും കുടിശികയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.