ആരെയും ഒഴിവാക്കലല്ല, കൂട്ടിച്ചേർക്കലാണ് പുതിയ ദൗത്യം: ഡിസിസി പ്രസിഡന്റ്
1514238
Saturday, February 15, 2025 1:51 AM IST
തൃശൂർ: പരാതിയും പരിഭവവും പറഞ്ഞ് ആരെയും ഒഴിവാക്കലല്ല, പുതിയ ആളുകളെ കൂട്ടിച്ചേർക്കലാണു ദൗത്യമെന്നു പുതുതായി സ്ഥാനമേറ്റ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ ജയിക്കാൻ പാർട്ടിയെ സജ്ജമാക്കണമെങ്കിൽ ഈ ദൗത്യം പൂർത്തിയാക്കണം.
കോണ്‍ഗ്രസ് ഭരിക്കണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നു. അതിനു കഠിനപ്രയത്നം നടത്തണം. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. കോണ്‍ഗ്രസിനോട് ഇന്നുള്ള സമീപനത്തിൽ മാറ്റമുണ്ടാകണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
നിലവിലെ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപി മിനിറ്റ്സ് ബുക്ക് നൽകി ചുമതല കൈമാറി. അധികാരകൈമാറ്റത്തിനു നേതൃയോഗമാണു വിളിച്ചതെങ്കിലും കേട്ടറിഞ്ഞ പ്രവർത്തകർ ഓടിയെത്തിയതു പാർട്ടിക്കു പ്രതീക്ഷ നൽകുന്നെന്നു ശ്രീകണ്ഠൻ പറഞ്ഞു.
ഡിസിസി ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ എംപിമാരായ ബെന്നി ബഹനാൻ, എം.കെ. രാഘവൻ, മുൻ എംപി ടി.എൻ. പ്രതാപൻ, ടി.ജെ. സനീഷ് കുമാർ എംഎൽഎ, മുൻ ഡിസിസി പ്രസിഡന്റുമാരായ ഒ. അബ്ദുറഹിമാൻകുട്ടി, പി.എ. മാധവൻ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, എം.കെ. പോൾസണ്‍, ജോസഫ് ചാലിശേരി, എം.പി. ജാക്സണ്, കെ.കെ. കൊച്ചുമുഹമ്മദ്, എം.കെ. അബ്ദുൾസലാം, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ. ഷാജി കോടങ്കണ്ടത്ത്, ജോണ്‍ ഡാനിയൽ, എ. പ്രസാദ്, കെ.ബി. ശശികുമാർ, സി.സി. ശ്രീകുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, എം.എസ്. അനിൽ, നിജി ജസ്റ്റിൻ, കെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പൂങ്കുന്നത്തെ മുരളിമന്ദിരത്തിലെത്തി കെ. കരുണാകരന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് അഡ്വ. ജോസഫ് ടാജറ്റ് സ്ഥാനമേൽക്കൽചടങ്ങിനെത്തിയത്.