തിരുമുടിക്കുന്ന് പള്ളിയിൽ തിരുനാൾ 22, 23 തീയതികളിൽ
1513946
Friday, February 14, 2025 1:40 AM IST
കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ ഇടവകമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഒരുക്കമായ നൊവേന ആരംഭിച്ചു. 22, 23 തീയതികളിലാണ് തിരുനാൾ.
എല്ലാ ദിവസങ്ങളിലും വൈകീട്ട് ആറിന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. ഇന്നലെ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. റോക്കി കൊല്ലംകുടി കാര്‍മികനായി. ഇന്നു നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ക്രിസ്റ്റി മഠത്തിലും തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം ഫാ. ജിമ്മി കുന്നത്തൂർ, ഫാ. പോൾ തെക്കിനിയത്ത്, ഫാ. ജിജോ കണ്ടംകുളത്തി, ഫാ. അലക്സ് മേക്കാൻതുരുത്ത്, ഫാ. ലാൽ കാരപ്പിള്ളി, ഫാ. റോബിൻ വാഴപ്പിള്ളി എന്നിവരും കാര്‍മികരാകും.
21നു വൈകിട്ട് 5.30ന് വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്ന 22നു രാവിലെ 6.30നു വിശുദ്ധ കുർബാന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, നിത്യസഹായമാതാവിന്റെ നൊവേന, രാവിലെ ഏഴിനു നടക്കുന്ന വിശുദ്ധ കുർബാനയെ തുടര്‍ന്ന് പള്ളിയില്‍നിന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍. വൈകീട്ട് 5.15ന് ഫാ. പോൾസൺ പെരേപ്പാടന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. സനു പുതുശേരി വചനസന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം.
വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിക്കുന്ന 23ന് രാവിലെ 6.45നും 9.30നും വിശുദ്ധ കുര്‍ബാന. വൈകിട്ട് 5.30ന് ഫാ. ജോഷി കളപ്പറമ്പത്തിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. എബിൻ കളപ്പുരക്കൽ വചനസന്ദേശം നൽകും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
24ന് വൈകീട്ട് ഏഴിന് കാഞ്ഞിരപ്പള്ളി അമല തിയറ്റേഴ്സിന്റെ നാടകം തച്ചൻ. തിരുനാളിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജനറൽ കൺവീനർ ജോസ് മൈനാട്ടിപ്പറമ്പിൽ, കൈക്കാരന്മാരായ ബിനു മഞ്ഞളി, ജോയി ജോൺ, വൈസ് ചെയര്മാന് അവരാച്ചൻ തച്ചിൽ എന്നിവർ പറഞ്ഞു.