കുരുമുളക് പറിക്കാന്‍ പ്ലാവില്‍ കയറി ബോധരഹിതനായി മരത്തില്‍ കുടുങ്ങി
1513940
Friday, February 14, 2025 1:40 AM IST
കാറളം: കുരുമുളക് പറിക്കുവാന്‍ പ്ലാവിൽ കയറി ബോധരഹിതനായി മരത്തില്‍ കുടുങ്ങിയയാള്‍ക്ക് അഗ്നിരക്ഷാസേന രക്ഷകരായി. കാറളം പുല്ലത്തറ സ്വദേശി മഞ്ഞനംകാട്ടില്‍ വീട്ടില്‍ രാമകൃഷ്ണനാ (62) ണ് ദേഹാസ്വാസ്ഥ്യംമൂലം ബോധരഹിതനായി മരത്തില്‍ കുടുങ്ങിയത്.
പുല്ലത്തറ ഞൊച്ചിയില് വീട്ടില്‍ കൊച്ചുകുട്ടന് എന്നയാളുടെ വീട്ടുപറമ്പിലെ പ്ലാവില്‍ കുരുമുളക് പറിക്കുന്നതിനിടെയാണ് സംഭവം. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, ബിനീഷ് കോക്കാട്ട് എന്നിവര്‍ മരത്തില്‍ കയറി ബോധരഹിതനായ രാമകൃഷ്ണനെ താഴെ വീഴാതെ പിടിച്ചു താങ്ങി നിര്‍ത്തി.
സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി. മരത്തിന് മുകളില്‍ സജീവ്, മഹേഷ്, ശ്രീജിത്ത്, കൃഷ്ണരാജ് എന്നിവര്‍ കയറി ഇയാളെ സുരക്ഷിതമായി താഴെയിറക്കി രക്ഷിച്ചു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.സി. സജീവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തില്‍ മഹേഷ്, കൃഷ്ണരാജ്, ശ്രീജിത്ത്, സജിത്ത്, നിഖില്‍, ലിസ്സന്‍, മൃത്യുഞ്ജയന് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.