സേവനവഴിയിൽ മാതൃകയായി തലോർ ലിറ്റിൽഫ്ലവർ എൽപി സ്കൂൾ
1513938
Friday, February 14, 2025 1:40 AM IST
പുതുക്കാട്: സേവനവഴിയിൽ മാതൃകയായി തലോർ ലിറ്റിൽഫ്ലവർ എൽപി സ്കൂൾ ശതാബ്ദി ആഘോഷം.
വിദ്യാലയവുമായി ബന്ധപ്പെട്ടുള്ള നിർധന രോഗികൾക്ക് സഹായംനൽകുന്ന സുകൃതം എന്ന ദീർഘകാലപദ്ധതിക്ക് ശതാബ്ദിയോടനുബന്ധിച്ച് തുടക്കംകുറിച്ചു. വിദ്യാലയത്തിലെ ഒരു കുട്ടിയുടെ കുടുംബത്തിനു വീട് നിർമിച്ചുനൽകുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു.
100 വർഷമായി തലമുറകൾക്ക് വെളിച്ചംപകരുന്ന തലോർ എൽഎഫ് സ്കൂൾ 1925ൽ ചെറിയ കെട്ടിടത്തിൽ ആറ് ഡിവിഷനുകൾ മാത്രമായാണ് ആരംഭിച്ചത്. ഇപ്പോൾ 20 ഡിവിഷനുകളുമായി പ്രവർത്തിക്കുന്നു. ഇടുത്തൻ അന്തോണി, ഫാ. ജെറോം ചെറുശേരി എന്നിവരുടെ ശ്രമഫലമായാണ് സ്കൂൾ പുരോഗമിച്ചത്.
വെള്ളപ്പൊക്ക സമയങ്ങളിൽ പതിവ് ദുരിതാശ്വാസ ക്യാമ്പായിരുന്നു എൽഎഫ് സ്കൂൾ. ഓപ്പൺ ആംസ് പദ്ധതിയിലൂടെ ഭക്ഷ്യക്കിറ്റ് വിതരണം, വസ്ത്രങ്ങൾ സൗജന്യമായി നൽകുന്ന ക്ലോത്ത് ബാങ്ക്, വൃദ്ധമന്ദിരങ്ങളിലേക്ക് പൊതിച്ചോറ് എന്നീ ജീവകാരുണ്യപദ്ധതികളും ശതാബ്ദിയുടെ ഭാഗമായിനടത്തി. ഗുരുവന്ദനം, പുർവ വിദ്യാർഥികളുടെ കായികമേളയായ കളിമുറ്റം, 80 വയസിനു മുകളിലുള്ള പൂർവ വിദ്യാർഥികൾക്ക് ആദരം, പൂർവ വിദ്യാർഥിസംഗമം, സിനിമ കൊട്ടക, അങ്കണവാടി കലോത്സവം, ഉണ്ണിപന്തൽ നിർമാണം എന്നിവയും ആഘോഷച്ചടങ്ങുകളുടെ ഭാഗമായി.
സ്കൂൾ മാനേജർ ഫാ. ആന്റണി വേലത്തിപറമ്പിൽ, ആഘോഷ കമ്മിറ്റി ചെയർമാൻ ജോസഫ് ടാജറ്റ്, പ്രധാന അധ്യാപിക ലിയ റാഫേൽ, പിടിഎ പ്രസിഡന്റ് കെ.ബി. പ്രദീപ്, ഒഎസ്എ പ്രസിഡന്റ് ടി.ടി. ജോൺസൺ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടത്തിവരുന്നത്.
ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഞായറാഴ്ച വൈകീട്ട് 5.30ന് മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്യും.