കാളിയാറോഡ് ചന്ദനക്കുടം ആണ്ടുനേർച്ചയ്ക്കു കൊടിയേറി
1513930
Friday, February 14, 2025 1:39 AM IST
ചേലക്കര: പ്രസിദ്ധമായ കാളിയാറോഡ് ചന്ദനക്കുടം ആണ്ടുനേർച്ചയ്ക്കു കൊടിയേറി. ഇനിയുള്ള മൂന്നു ദിവസങ്ങൾ പ്രാർഥനയുടെയും മൗലൂദ് പാരായണത്തിന്റെയും ദിനങ്ങളാണ്. ആശൈഖ് അബ്ദുറഹ്മാൻ വലിയുള്ളാഹി തങ്ങൾ അന്ത്യവിശ്രമംകൊള്ളുന്ന കാളിയാറോഡ് പള്ളി ജാറം മഖാമിലെ ആണ്ടുനേർച്ച ഏറെ പ്രസിദ്ധമാണ്.
ഇന്നലെ ലോഹർ നമസ്കാരത്തിനുശേഷം പള്ളി ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മുട്ടുംവിളിയുടെയും കുട്ടികളുടെ ദഫ്മുട്ടിന്റെയും പ്രായമായവരുടെ അറബനമുട്ടിന്റെയും അകമ്പടിയോടുകൂടി പള്ളിഗേറ്റിൽനിന്നും കാൽനടയായി പള്ളിമുറ്റത്ത് എത്തിയാണ് കൊടിയേറ്റുകർമം നടന്നത്. കാളിയാറോഡ് പള്ളി ജാറം കേന്ദ്ര ജമാഅത്ത് ഖത്തീബ് സുലൈമാൻ ദാരിമി ഏലംകുളം പ്രാർഥനയ്ക്കു നേതൃത്വം നൽകി. മഹല്ലിലെ ഖത്തീബുമാരുടെയും ഉസ്താദുമാരുടെയും കേന്ദ്ര ജമാഅത്ത് കമ്മിറ്റിയുടെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ കേന്ദ്ര ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. രാജേഷ് ഖാൻ കൊടിയേറ്റി.
ഇന്നു ദിക്ർ ഹൽഖ, സ്വലാത്ത്, ദുആ, ഉച്ചയ്ക്ക് അന്നദാനം എന്നിവ നടക്കും.
നേർച്ചനാളായ നാളെ രാവിലെ പത്തിന് മൗലിദ് പാരായണം, ഖത്തം ദുആ, അന്നദാനം, ഉച്ചമുതൽ നേർച്ചവരവുകൾ പള്ളിയിലെത്തും. ആദ്യം മഹല്ല് കമ്മിറ്റി നേർച്ചകളും തുടർന്ന് യുവജന - തൊഴിലാളി യൂണിയൻ നേർച്ചകളും പള്ളിയിലെത്തി കൊടിയേറ്റും. മുട്ടുംവിളിയുടെ അകന്പടിയോടെ പള്ളിക്കവാടത്തിൽനിന്ന് നേർച്ചവരവുകളെ ഭാരവാഹികൾ സ്വീകരിക്കും.