മുന്നറിയിപ്പില്ലാതെ ഗതാഗതനിയന്ത്രണം, നട്ടംതിരിഞ്ഞ് യാത്രക്കാർ
1513926
Friday, February 14, 2025 1:39 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കെഎസ്യു പ്രവർത്തകരുടെ ഡിഐജി ഓഫീസ് മാർച്ചിനോടനുബന്ധിച്ച് മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം ജനത്തെ വലച്ചു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് ഹൈറോഡിലും സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനുമുന്നിലൂടെയുള്ള റോഡിലും ഇക്കണ്ടവാര്യർ ജംഗ്ഷനിലും വെളിയന്നൂർ റിംഗ് റോഡിലും കെഎസ്ആർടിസി പരിസരത്തും അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
പൊരിവെയിലിൽ ഏറെനേരം കാത്തുനിൽക്കേണ്ടിവന്ന ഇരുചക്രവാഹനയാത്രക്കാർ പലരും തളർന്നു. അസഹ്യമായ വെയിലിൽ പോലീസിനും ഗതാഗതനിയന്ത്രണം ദുഷ്കരമായിരുന്നു. പലയിടത്തും പോലീസും യാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഹൈറോഡിലൂടെയുള്ള വാഹനഗതാഗതം ഒറ്റവരിയാക്കി നിയന്ത്രിച്ചെങ്കിലും തിരക്കിനു കുറവുണ്ടായില്ല.
മുനിസിപ്പൽ ഓഫീസ് റോഡിലേക്കു കമ്മീഷണർ ഓഫീസിനു മുന്നിലൂടെ പോകുന്ന വാഹനങ്ങളും ഒല്ലൂർ ഭാഗത്തുനിന്ന് ഹൈറോഡ് വഴി കയറിപ്പോകുന്ന വാഹനങ്ങളും തടഞ്ഞതോടെ ചെറുതും വലുതുമായ വാഹനങ്ങളുടെ നിര ഏറെ ദൂരം നീണ്ടൂ.
കൂർക്കഞ്ചേരി - കുറുപ്പം റോഡ് കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ തൃശൂർ നഗരത്തിന്റെ ഒരു ഭാഗത്ത് ഏർപ്പെടുത്തിയിട്ടുള്ള ഗതാഗതനിയന്ത്രണം മൂലമുള്ള വാഹനക്കുരുക്ക് തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇന്നലെ ഇതേ ഭാഗത്തു ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി യാത്രക്കാരെ നട്ടംതിരിച്ചത്.