മച്ചാട് മാമാങ്കം: കാവ് കൂറയിട്ടു പറപുറപ്പാട് നാളെ; മാമാങ്കം 18ന്
1513641
Thursday, February 13, 2025 2:02 AM IST
പുന്നംപറമ്പ്: മച്ചാട് മാമാങ്കത്തി നുള്ള കാവ് കൂറയിട്ടു. പറപുറപ്പാട് നാളെ. മാമാങ്കം 18 ന് ആഘോഷിക്കും. ആചാര്യ വൈവിധ്യങ്ങളുടെ സമ്മോഹന നിമിഷങ്ങൾ ഉത്സവപ്രേമികൾക്ക് സമ്മാനിക്കുന്ന മച്ചാട് മാമാങ്കത്തിന്റെ മുന്നോടിയായുള്ള കാവ് കൂറയിടൽ ചടങ്ങ് ക്ഷേത്രത്തിൽ നടന്നു. മറ്റെല്ലാ ക്ഷേത്രങ്ങളിലും ഉത്സവം കൊടിയേറുമ്പോൾ മച്ചാടിന്റെ വൈവിധ്യങ്ങളിൽ ഒന്നാവുകയാണ് കൂറയിടൽ. മാമാങ്കം ഊഴമനുസരിച്ച് നടത്തുന്ന ദേശക്കാരുടെ നേതൃത്വത്തിലാണു കൂറയിടൽ ചടങ്ങ് നടക്കാറുള്ളത്. ഇത്തവണ പുന്നംപറമ്പ് വിഭാഗമാണു മാമാങ്ക നടത്തിപ്പുകാർ.
കുതിരാരവങ്ങളുടെ അകമ്പടിയോടെ പുന്നംപറമ്പ് ദേശത്തു നിന്നുകൊണ്ടുവന്ന പച്ചമുളകൾ ക്ഷേത്രം വലംവച്ച് കൂത്തുമാടത്തിനു വടക്കുഭാഗത്ത് എത്തിച്ചശേഷമാണ് ദേശത്തെതച്ചൻ ആശാരി കുറയിടലിനു വേണ്ടിയുള്ള തട്ടുകൾ നിർമിക്കുക. തട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ക്ഷേത്ര ശ്രീകോവിലിൽനിന്ന് കൊണ്ടുവരുന്ന തെച്ചി, തുളസിയില, പൂമാല, പ്രസാദം, കളഭം എന്നിവ ചാർത്തും. തുടർന്ന് ക്ഷേത്രത്തിലെ ആലിൽനിന്ന് പറിച്ച ആലില, മാവില, കുരുത്തോല എന്നിവ കൊണ്ട് അലങ്കരിച്ചശേഷമാണ് കൂത്തുമാടത്തിനു സമീപം കൂറയിടൽ നടന്നത്. ഇതോടെ തട്ടകങ്ങൾ മാമാങ്കത്തിന് ഒരുങ്ങി എന്നാണ് സങ്കല്പം.
കൂറയിടലിനുശേഷം ദേശത്തെ ആശാരിമാർ, തട്ടാൻമാർ, കരുവാൻമാർ, പാണൻമാർ എന്നിവരും ഭക്തജനങ്ങളും ചേർന്ന് ക്ഷേത്രവും പരിസരവും ചെത്തി - ഉരച്ച് വൃത്തിയാക്കും. പറയെടുപ്പിലെ അവകാശികൾ വ്രതശുദ്ധി ആരംഭിക്കുന്നത് ഈ ദിവസമാണ്. 14 നാണ് മാമാങ്ക പറപ്പുറപ്പാട്. 18നാണ് ആചാരവൈവിധ്യങ്ങൾ നിറഞ്ഞമച്ചാട് മാമാങ്കമഹോത്സവം. മണലിത്തറ, കരുമത്ര, വിരുപ്പാക്ക, മംഗലം, പാർളിക്കാട് എന്നി ദേശങ്ങളാണ് മാമാങ്ക ദിവസം പൊയ്ക്കുതിരകളുമായി ക്ഷേത്രത്തിലെത്തി മാമാങ്കത്തിനു പങ്കാളികളാകുക.
ചടങ്ങുകൾക്ക് പൂരം നടത്തിപ്പു ദേശമായ പുന്നംപറമ്പ് വിഭാഗം ഭാരവാഹികളായ കെ. രാമചന്ദ്രൻ, ടി.എസ്. ജയൻ, സി.എ. നന്ദകുമാർ എന്നിവർ നേതൃത്വം നൽകും.