തൃപ്രയാറിലും വരവൂരിലും തീപിടിത്തം; ഫയർഫോഴ്സെത്തി തീയണച്ചു
1513638
Thursday, February 13, 2025 2:02 AM IST
തൃപ്രയാർ മേൽതൃക്കോവിൽ
ക്ഷേത്രത്തിനു പടിഞ്ഞാറ്
തൃപ്രയാർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃപ്രയാർ മേൽതൃക്കോവിൽ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള സ്റ്റോക്ക്പുരപ്പറമ്പിൽ ഉണങ്ങിയ പുല്ലിനു തീ പിടിച്ചു. കുറ്റിച്ചെടികളിൽ തീ ആളിപ്പടന്നത് ഏറെനേരം പരിഭ്രാന്തി പരത്തി.
രാവിലെ പതിനൊന്നരയോടെ വടക്കുഭാഗത്തുനിന്ന് പടർന്ന തീ ക്ഷേത്രക്കുളത്തിനു ചുറ്റും ആളിക്കത്തിയത്. തുടർന്ന് നാട്ടിക ഫയർഫോഴ്സ് എത്തി പന്ത്രണ്ടോടെ തീ അണച്ചു. വലപ്പാട് ശ്രീരാമ ഗവ. പോളിടെക്നിക്കിലെ വിദ്യാർഥികളിൽ ആരോ പടക്കം പൊട്ടിച്ചതാണ് തീ പടരാൻ കാരണമായതെന്നു പറയുന്നു. മുൻപും പലപ്പോഴും ഇവിടെ ഇത്തരത്തിൽ തീപിടിത്തം ഉണ്ടായിട്ടുണ്ട്. തൊട്ടടുത്ത് ട്രാൻസ്ഫോർമറും കോളജ് കെട്ടിടവും ഉള്ളത് അല്പനേരം ആശങ്ക പടർത്തിയെങ്കിലും ഫയർഫോഴ്സിന്റെ സമയോചിതഇടപെടൽ മൂലം വൻദുരന്തം ഒഴിവായി.
വരവൂർ വ്യവസായ പാർക്കിൽ
എരുമപ്പെട്ടി: വരവൂർ വ്യവസായ പാർക്കിന്റെ പറമ്പിൽ തീപിടിത്തം. ഇന്നലെ നാലോടെ യായിരുന്നു തീപിടിത്തമുണ്ടായത്. കേന്ദ്രത്തിലെ തൊഴിലാളികളും ജീവനക്കാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വടക്കാഞ്ചേരിയിൽനിന്ന് ഫയർ ഫോഴ്സ് എത്തി തീയണച്ചു. ഏകദേശം 50 സെന്റ് പറമ്പിലെ ഉണങ്ങിനിന്നിരുന്ന പുല്ലിനാണു തീ പിടിച്ചത്.