ഓരോ ഡിവിഷനിലും ചുരുങ്ങിയത് പത്തു തെരുവുനായ്ക്കൾ
1507892
Friday, January 24, 2025 2:01 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷന്റെ 55 ഡിവിഷനുകളിലുമായി എത്ര തെരുവുനായ്ക്കൾ ജനങ്ങൾക്കു ഭീഷണിയുയർത്തുന്നു എന്നു ചോദിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല. എന്നാൽ ഓരോ ഡിവിഷനിലും ഏറ്റവും ചുരുങ്ങിയതു പത്തു തെരുവുനായ്ക്കളെങ്കിലുമുണ്ടെന്നാണ് അനൗദ്യോഗികകണക്ക്.
പുലർച്ചെയും രാത്രിയും കോർപറേഷനിലെ 55 ഡിവിഷനുകളിലൂടെയുമുള്ള യാത്ര തെരുവുനായ്ക്കൾമൂലം ഭീതിജനകമായിരിക്കുകയാണ്. എവിടെ പരാതി പറഞ്ഞാലാണ്, ആരോടു പരാതിപ്പെട്ടാലാണ് ഒരു തീരുമാനമാകുക എന്ന് ആളുകൾ ചോദിക്കുന്പോൾ വ്യക്തമായ ഉത്തരമില്ല.
തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തി തെരുവുനായ്ശല്യം കുറയ്ക്കാമെന്ന അധികാരികളുടെ വാദം ജനങ്ങൾ പൂർണമായും തള്ളുകയാണ്. ആക്രമണകാരികളായ തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യുകയാണ് വേണ്ടതെന്നാണ് ഭൂരിഭാഗംപേരും അഭിപ്രായപ്പെടുന്നത്.
തെരുവുനായ്ക്കളെ കൊല്ലുന്നതിനോട് എതിരഭിപ്രായമുള്ളവരുമുണ്ട്. മാലിന്യം വലിച്ചെറിയുന്നതാണ് തെരുവുനായ്ശല്യം കൂടാനുള്ള കാരണമെന്നു സ്ഥിരമായി പറയുന്നുണ്ടെങ്കിലും ഇതിനും പരിഹാരം ഇതുവരെയുമായിട്ടില്ല. തെരുവുനായ്ക്കൾക്കു ഫീഡിംഗ് പോയിന്റുകൾ സജ്ജമാക്കണമെന്ന നിർദേശം ഉയർന്നുവന്നെങ്കിലും അതും പ്രാവർത്തികമായിട്ടില്ല.
പ്രശ്നപരിഹാരത്തിനു
ഷെമീറിന്റെ ഒപ്പുശേഖരണം
വിയ്യൂർ, പാടൂക്കാട്, പള്ളിമൂല, രാമവർമപുരം മേഖലയിലെ തെരുവുനായ്ശല്യം രൂക്ഷമായതോടെ അധികാരികൾക്കു പരാതി നൽകാനിറങ്ങിയ ഓട്ടോഡ്രൈവർ ഷെമീർ വാകയിൽ ഫേസ്ബുക്ക് ലൈവിലൂടെ തെരുവുനായ് പ്രശ്നം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ശ്രമിച്ചു. ഒപ്പം പരമാവധി പേരുടെ ഒപ്പുശേഖരണം നടത്തി അധികാരികൾക്കു പരാതിനൽകാനും ഷെമീർ നടപടികളെടുത്തിട്ടുണ്ട്.
കൗണ്സിലർക്കു പരാതിനൽകിയിട്ടുണ്ടെന്നും മേയർക്കും സെക്രട്ടറിക്കും എംഎൽഎയ്ക്കും പരാതി നൽകുമെന്നും ഒരാൾമാത്രം പരാതി നൽകിയതുകൊണ്ട് കാര്യമില്ലെന്നും തെരുവുനായ്ശല്യംകൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർകൂടി ഒപ്പം വേണമെന്നും ഷെമീർ ആവശ്യപ്പെട്ടിട്ടുണ്ട്.