സിറ്റി പോലീസ് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു
1507891
Friday, January 24, 2025 2:01 AM IST
തൃശൂർ: റിപ്പബ്ലിക് ദിനത്തോടുബന്ധിച്ച് സിറ്റി പോലീസ് പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത ലഹരിവസ്തുക്കൾ ചൂളയിലിട്ടു കത്തിച്ച് സിറ്റി പോലീസ്.
15.875 കിലോഗ്രാം കഞ്ചാവും 319.2 ഗ്രാം ഹാഷിഷ് ഓയിലും 236.27 ഗ്രാം മെത്താഫെറ്റമിനുമാണ് പാലിയേക്കരയ്ക്കടുത്തുള്ള ചിറ്റിശേരിയിലെ ചൂളയിൽ ചാരമായത്. സിറ്റി ഡ്രഗ്സ് ഡിസ്പോസൽ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഇവ നശിപ്പിച്ചത്. ഈ മാസത്തിൽതന്നെ 83.27 കിലോഗ്രാം കഞ്ചാവും 500 ഗ്രാം എംഡിഎംഎയും 4.975 കിലോഗ്രാം ഹാഷിഷ് ഓയിലും സിറ്റി പോലീസ് ഇത്തരത്തിൽ നശിപ്പിച്ചിരുന്നു.
കമ്മീഷണർ ആർ. ഇളങ്കോ, ക്രൈംബ്രാഞ്ച് എസിപി വൈ. നിസാമുദീൻ, നാർകോട്ടിക് സെൽ എഎസ്ഐ സനീഷ് ബാബു, വനിതാ സിവിൽ പൊലീസ് ഓഫീസർ ഷിഫാന, സിപിഒമാരായ സച്ചിൻദേവ്, ജസ്റ്റിൻ, അജിത് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചുകളഞ്ഞത്.