സോഷ്യൽ മീഡിയ പരിഹാസം പൂമാലയാക്കി ആവന്തിക
1484879
Friday, December 6, 2024 5:58 AM IST
കുന്നംകുളം: കഴിവുകൊണ്ടല്ലാതെ ഭാഗ്യംകൊണ്ടു മാത്രമാണ് ഉപജില്ലാ മത്സരത്തിൽ വിജയം നേടാനായതെന്ന്, സാമൂഹ്യമാധ്യമങ്ങളിലൂടെ വിമർശനം നേരിട്ടിട്ടും തളരാതെ ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി വി.ഡി. ആവന്തിക. കാരമുക്ക് എസ്എൻ ജിഎച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.
ഇവരുടെ ചിത്രമടക്കം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്താണ് വെസ്റ്റ് ഉപജില്ലയിലെ സഹമത്സരാർഥിയുടെ മാതാപിതാക്കളിൽനിന്ന് ഇവർക്ക് അവഹേളനം നേരിട്ടത്. ആത്മവിശ്വാസം കൈമുതലായതുകൊണ്ടും ഗുരു ബിജുലാലിന്റെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനംകൊണ്ടുമാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. ജില്ലാ മത്സരത്തിൽ പങ്കെടുക്കുമ്പോഴും സാമൂഹ്യമാധ്യമത്തിലൂടെ അവഹേളിച്ചവർ കുത്തുവാക്കുകളുമായും വീഡിയോ എടുത്തും സ്റ്റേജിനുമുന്നിൽ നിലയുറപ്പിച്ചു മാനസികമായി തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് 17 പേർക്കൊപ്പം മത്സരിച്ച് ആവന്തിക ഒന്നാംസ്ഥാനം ഉറപ്പാക്കിയത്.
തമ്പ്രാനെ പ്രണയിച്ച കുറ്റത്തിന് ഊരുവിലക്കു നേരിട്ട അടിയാത്തിപ്പെണ്ണിന്റെ കഥയാണു നാടോടിനൃത്തത്തിലൂടെ അവതരിപ്പിച്ചത്. നാളെ ഭരതനാട്യം, കുച്ചിപ്പുടി മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. കണ്ടശാംകടവ് പാലാഴി വടശേരി ദിലീഷിന്റെയും റിമയുടെയും മകളാണ്. സഹോദരി: അനന്തിക.