തൃശൂർ ഈസ്റ്റ് മുന്നിൽ
1484878
Friday, December 6, 2024 5:58 AM IST
കുന്നംകുളം: റവന്യൂ ജില്ലാ കലോത്സവത്തിൽ രണ്ടാംദിനത്തിൽ അർധരാത്രിവരെയുള്ള മത്സരങ്ങൾ പൂർത്തിയായപ്പോൾ 445 പോയിന്റ് നേടി തൃശൂർ ഈസ്റ്റ് മുന്നിൽ. 437 പോയിന്റുമായി ചാവക്കാട് ഉപജില്ല രണ്ടാമതും 422 പോയിന്റുമായി വലപ്പാടും 421 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ലയും തൊട്ടുപിന്നിലുണ്ട്.
143 പോയിന്റുമായി പാവറട്ടി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ആണ് ഒന്നാം സ്ഥാനത്ത്. 127 പോയിന്റുമായി മതിലകം സെന്റ് ജോസഫ് ഹൈസ്കൂൾ രണ്ടാമതും 111 പോയിന്റുമായി ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂൾ മൂന്നാമതുമുണ്ട്. ഇന്നലെ രാത്രി വൈകിയും മത്സരങ്ങൾ തുടരുകയായിരുന്നു.
വിജയം കൈവിടാതെ
മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂൾ
കുന്നംകുളം: തുടർച്ചയായി പന്ത്രണ്ടാംവർഷവും ഹൈസ്കൂൾവിഭാഗം പരിചമുട്ടുകളിയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്കു യോഗ്യത നേടി മറ്റത്തൂർ ശ്രീകൃഷ്ണ എച്ച്എസ്എസ്.
കഴിഞ്ഞതവണ ജില്ലാതലമത്സരത്തിൽ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടെങ്കിലും അപ്പീലിലൂടെ സംസ്ഥാനമത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. സ്കൂളിലെ പൂർവവിദ്യാർഥികളും പരിചമുട്ടുകളിയിലെ അഭിമാനതാരങ്ങളുമായ അമൽ സുരേഷ്, അതുൽ കൃഷ്ണ, പി.വി. അനന്ദു എന്നിവരാണു കുട്ടികളെ കളി അഭ്യസിപ്പിച്ചത്.
ബൈബിൾകഥകൾ പ്രമേയമാക്കിയ 20 പാട്ടുകൾ സംയോജിപ്പിച്ച് ഒരു പുതിയ പാട്ടാക്കിയാണ് ഇത്തവണ അവതരിപ്പിച്ചത്. പരീക്ഷണം വിജയം കണ്ടതിൽ സന്തുഷ്ടരാണ് വിദ്യാർഥികൾ.