സോതോ സോതോ ളാമീതേ... മാടോട്ടി പോണ ളാമീതേ...
1484877
Friday, December 6, 2024 5:58 AM IST
ആദിവാസി ഊരുകളുടെ ഹൃദയതാളത്തിനു ചേലൊട്ടുംചോരാതെ ചുവടുകൾവച്ച് കലോത്സവവേദിയെ ത്രസിപ്പിച്ച് വാളൂര്‍ എൻഎസ്എച്ച്എസ് വിദ്യാർഥികൾ.
ജില്ലാ കലോത്സവവേദിയിൽ മത്സരയിനമായി ആദ്യമായെത്തിയ ഗോത്രകല ഇരുളനൃത്തത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് വിദ്യാർഥികൾ കാടിന്റെയും നാടിന്റെയും പൊന്നോമനകളായത്. ഇരുളസമുദായത്തിന്റെ പരമ്പരാഗത വാദ്യോപകരണങ്ങളായ കോഗൽ, തവിൽ, പറൈ, ജാലറ എന്നിവ കൊട്ടിപ്പാടിയുള്ള ചുവടുവയ്പുകൾ ഒരാഴ്ചകൊണ്ടു പഠിച്ചെടുത്ത് ഉപജില്ലയിൽ അവതരിപ്പിച്ചു വിജയിച്ചാണ് ഇവർ ജില്ലാ മത്സരത്തിനെത്തിയത്. ഏഴു പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമടക്കം പന്ത്രണ്ടുപേർ ചേർന്നുള്ള അവതരണമായിരുന്നു.
മാടിനെ മേയ്ക്കാൻ കാടുകയറിപ്പോകുന്ന മുറപ്പെണ്ണിനെക്കുറിച്ചുള്ള പാട്ടിനൊപ്പമായിരുന്നു ചുവടുകൾ. നമുക്കു നാമേ ഗോത്രകല സാംസ്കാരികസമിതി പ്രവർത്തകരായ അട്ടപ്പാടി കാരയൂരിലെ ആർ. മുരുകനും ഭൂത്വഴിയിലെ സി. മുരുകേശനും ചേർന്നാണു ഇരുളനൃത്തം അഭ്യസിപ്പിച്ചത്. ഇവരുടെ ശിക്ഷണത്തിൽ വടകര മേമുണ്ട സ്കൂൾ ടീമും പത്തനംതിട്ട വടശേരിക്കര എംആർഎസ് ഹൈസ്കൂൾ, എച്ച്എസ്എസ് ടീമുകളും സംസ്ഥാനകലോത്സവത്തിലേക്കു യോഗ്യത നേടി. വാമൊഴി മാത്രമായി തലമുറകളിലേക്കു പകരുന്ന ഇരുളഗാനം വിദ്യാർഥികളെ പഠിപ്പിച്ചെടുക്കുന്നതു ശ്രമകരമായിരുന്നെന്നു മുരുകേശനും മുരുകനും പറഞ്ഞു.
കാർഷികവൃത്തികളോടനുബന്ധിച്ചും വിവാഹം, ആഘോഷങ്ങൾ, മരണം എന്നിവയോടനുബന്ധിച്ചും ഇരുളനൃത്തം അവതരിപ്പിച്ചുവരുന്നു. ഊരിലുള്ളവർ വൈകീട്ടുമുതൽ പുലരുംവരെ ഇരുളനൃത്തവുമായി ഒത്തുചേരാറുണ്ട്. ഇതാണു 15 മിനിറ്റിൽ രൂപപ്പെടുത്തി അരങ്ങിലെത്തുന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ ആകെ പത്തു ടീമുകളാണു മത്സരിച്ചത്. അഞ്ചു ടീമുകൾ എ ഗ്രേഡു നേടി.