ദേശീയപാത വികസനം: കാന നിർമിക്കും, പൊളിക്കും, വീണ്ടും നിർമിക്കും...
1484869
Friday, December 6, 2024 5:58 AM IST
കൊരട്ടി: യാതൊരു ദീർഘവീക്ഷണവുമില്ലാതെയാണ് ദേശീയപാത അഥോറിറ്റിയും നിർമാണകമ്പനിയും കൊരട്ടി മേഖലയിൽ കാനനിർമാണം നടത്തുന്നത്.
കാനകളുടെ നിർമാണത്തിനുശേഷം ദിവസങ്ങൾക്കുള്ളിൽ പൊളിച്ചുമാറ്റുകയും വീണ്ടും പണിയുകയും ചെയ്യുന്നത് കൊരട്ടി മേഖലയിൽ നിർമാണ കമ്പനി നടത്തുന്ന സ്ഥിരംപരിപാടിയായി മാറിയിരിക്കുകയാണ്. ഇന്നലെ കൊരട്ടി പോലീസ് സ്റ്റേഷനു മുന്നിലും ചിറങ്ങര എംഎസ്യുപി സ്കൂളിന് എതിർദിശയിലും കാനകൾ നിർമിച്ച് ചൂടാറുംമുമ്പേ പൊളിച്ചുമാറ്റി. ഇന്നും പൊളിച്ചുനീക്കൽ തുടരുമെന്നാണ് പറയുന്നത്.
കൊരട്ടി സർവീസ് സഹകരണബാങ്കിനു മുന്നിലും ചിറങ്ങരയിലും സമാനമായ രീതിയിൽ പൊളിച്ചുമാറ്റൽ കഴിഞ്ഞ മാസം നടന്നിരുന്നു. പ്ലാനിൽ മാറ്റം വരുത്തിയെന്നും ദേശീയപാതയുടെ അതിർത്തിയോടുചേർന്ന് നിർമിക്കാനുമാണെന്നാണു വിശദീകരണം. നാടിന്റെ ആവശ്യങ്ങളറിയാതെ, പ്രാദേശിക ഭരണകൂടമായി കൂടിയാലോചനകളില്ലാതെ, ഭൂമിശാസ്ത്രപരമായ പഠനങ്ങളില്ലാതെ തയാറാക്കുന്ന എസ്റ്റിമേറ്റും പ്ലാനും ഉപയോഗിച്ച് നിർമിക്കുന്നവയാണ് പൊളിച്ചുനീക്കേണ്ടി വരുന്നത്.
കാനനിർമാണത്തിനായി ഉപയോഗിച്ച സിമന്റ്, കമ്പി അടക്കമുള്ള അസംസ്കൃത വസ്തുക്കൾ പാഴാകുമെന്നു മാത്രമല്ല ഇതിനായി വിനിയോഗിച്ച പണവും നഷ്ടമാകും.
തൊഴിലാളികളെ മാത്രം ചുമതലപ്പെടുത്തി സൈറ്റ് മേൽനോട്ടത്തിന് ആളില്ലാതെയുള്ള നിർമിതിയും മേഖലയിൽ നടക്കുന്നുണ്ട്. കുറ്റമറ്റരീതിയിലുള്ള ദേശീയ പാത വികസനത്തിന് അധികൃതർ തയാറാകണമെന്നാണു പ്രദേശവാസികളുടെ അഭിപ്രായം.