കാപ്പ ലംഘനം: പ്രതിയെ സാഹസികമായി കീഴടക്കി
1484693
Thursday, December 5, 2024 8:23 AM IST
ഒല്ലൂർ: നിരവധി ക്രിമിനൽകേസിലെ പ്രതിയും കാപ്പ പ്രകാരം ജില്ലയിൽ പ്രവേശനാനുമതി നിഷേധിച്ചിട്ടുള്ളതുമായ പ്രതിയെ ഒല്ലൂർ പോലീസ് സാഹസികമായി പിടികൂടി.
ഇരവിമംഗലം സ്വദേശി നെടുമലവീട്ടിൽ റബർ മനു എന്നുവിളിക്കുന്ന മനു(27)വിനെയാണ് രണ്ടുമണിക്കൂറിലധികംനീണ്ട പ്രയത്നത്തിലൂടെ ഒല്ലൂർ പോലീസും തൃശൂര്‍ സിറ്റി സ്പെഷൽബ്രാഞ്ച് സംഘവുംചേർന്ന് പിടികൂടിയത്. ബുധനാഴ്ച പുലർച്ച 1.30ഓടെ, മനു വീട്ടിൽവന്നുപോകുന്നതായി സ്പെഷൽബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനനടന്നത്.
ഇരവിമംഗലത്തുള്ള വീട്ടിൽ പ്രതിയുള്ളതായി പോലീസ് അറിഞ്ഞു. ഒരുമണിക്കൂർ കഴിഞ്ഞിട്ടും വാതിൽതുറക്കാതിരുന്ന പ്രതി പിന്നീട് ഓടുപൊളിച്ച് വീടിനു മുകളിൽകയറി വെല്ലുവിളി ഉയർത്തി. നൈറ്റ് ഓഫീസറായിരുന്ന വടക്കാഞ്ചേരി ഇൻസ്പെക്ടർ റിജിൻ എം.തോമസ്, ഒല്ലൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിജു എന്നിവർ ഉൾപ്പെടെയുള്ള പോലീസും സ്ഥലത്തെത്തി. ഇതോടെ പ്രതി സമീപത്തുള്ള മറ്റു മൂന്നുവീടുകളുടെ ഓടിനു മുകളിലൂടെ ഓടി.
രണ്ടുമണിക്കൂറിലധികംസമയത്തെ പ്രയത്നത്തിലൂടെ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. അന്വേഷണസംഘത്തിൽ സ്പെഷൽ ബ്രാഞ്ച് ഓഫീസർ വിശ്വേശ്വരൻ, വിജിത്ത്, സീനിയർ സിവിൽപോലീസ് ഓഫീസർ ഷൈജു, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.