കാട്ടാനപ്പേടിയിൽ അകമല ഗ്രാമം
1484691
Thursday, December 5, 2024 8:23 AM IST
വടക്കാഞ്ചേരി: കാട്ടാനപ്പേടിയിൽ വിറങ്ങലിച്ച് അകമല ഗ്രാമം. ദിനംപ്രതി കാട്ടാനകളിറങ്ങി കൃഷികൾ നശിപ്പിക്കുന്നത് നിത്യസംഭവമാകുന്നു.
കഴിഞ്ഞ 15 ദിവസമായി പുലർച്ചെയാണ് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നത്. അകമല, കുഴിയോട്, തൂമാനം, ചേപ്പലക്കോട് എന്നി പ്രദേശങ്ങളിലാണ് കൂട്ടമായി കാട്ടാനകൾ കൃഷിയിടങ്ങളിലെത്തി കൃഷികൾ നശിപ്പിച്ചത്. അതോടൊപ്പം പ്രദേശത്തെ വീട്ടുമുറ്റത്ത് എത്തിയതോടെ ഭീതിയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്. കൊടുംവരൾച്ചയിൽ ഭക്ഷണംതേടി കാട്ടാനകൾ ദിനംപ്രതി കാടിറങ്ങുന്നതോടെ പ്രദേശത്തെ താമസക്കാരാണ് ഏറെപ്രയാസം അനുഭവിക്കുന്നത്.
ഇന്നലെ പുലർച്ചെ അകമലയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന പൂക്കുന്നത്ത് ബാബു, പാറയിൽവീട്ടിൽ കൃഷ്ണൻകുട്ടി, പാറയിൽ വിനോദ്, പാറയിൽ ശശീന്ദ്രൻ, പാറയിൽ ശ്രീധരൻ, പാറയിൽ വിജയലക്ഷ്മി, വെള്ളാങ്കണ്ടത്ത് ഗോവിന്ദൻകുട്ടി എന്നിവരുടെ പുരയിടത്തിലിറങ്ങിയ കാട്ടാനകൾ വേലി പൊളിക്കുകയും തെങ്ങ്, വാഴ, പനകൾ, പ്ലാവ്, കവുങ്ങ്, നെല്ല് എന്നിവ നശിപ്പിക്കുകയും ഭക്ഷിക്കുകയുംചെയ്തു.
സ്ഥലവാസികളുടെ ജീവന് സംരക്ഷണംനൽകാൻ അധികാരികൾ ഉടൻ നടപടിസ്വീകരിക്കണമെന്ന് പ്രദേശത്തെ താമസക്കാർ പറഞ്ഞു. ഇന്നലെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽസെക്രട്ടറി വൈശാഖ് നാരായണസ്വാമി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിജു ഇസ്മയിൽ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബുഷറ റഷീദ്, പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നന്തിലത്ത്, ജയൻ മംഗലം, ഫിലിപ്പ് ജേക്കബ്, അബ്ദുൾഗഫൂർ എന്നിവർ ആനകളിറങ്ങി കൃഷ നശിപ്പിച്ച സ്ഥലങ്ങള് സന്ദർശിച്ചു.
സംഭവത്തിൽ ഇനിയും അധികൃതർ മൗനംപാലിക്കുകയാണെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് രൂപംനൽകുമെന്ന് നേതാക്കൾ വ്യക്തമാക്കി.