മത്സ്യബന്ധന ബോട്ട് ഇടിച്ച് ചീനവലകൾ തകർന്നു
1484683
Thursday, December 5, 2024 8:11 AM IST
കൊടുങ്ങല്ലൂർ: മത്സ്യബന്ധന ബോട്ട് ഇടിച്ച് ചീനവലകൾ തകർന്നു. അഴിക്കോട് മഠത്തിൽ പറമ്പിൽ ശ്രീജേഷ്, മഠത്തിൽ പറമ്പിൽ സുന്ദരൻ, കൈമപ്പറമ്പിൽ വിജയൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ചീനവലകളാണ് നശിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കടലിലേക്കിറങ്ങുകയായിരുന്ന മത്സ്യബന്ധന ബോട്ടാണ് ചീനവലകൾ തകർത്തതെന്ന് മറുകരയിൽ മുനമ്പത്ത് ചീനവലയിട്ടിരുന്ന തൊഴലാളികൾ പറഞ്ഞു. എന്നാൽ ചീനവലകൾ തകർത്ത ബോട്ട് ഏതെന്നു വ്യക്തമായില്ല.
ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു. രണ്ട് ചീനവലകളിലായി 15 തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. ചീനവല നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് എറിയാട് പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ കെ.എം. സാദത്ത് ആവശ്യപ്പെട്ടു.