കാടിന്റെ ഹൃദയതാളവുമായി ഇന്നു ഗോത്രകലാമേള
1484678
Thursday, December 5, 2024 8:11 AM IST
തൃശൂർ: ശാസ്ത്രീയകലകളുടെ നിറപ്പകിട്ടിലേക്കു കാടിന്റെ മക്കളുടെ ഹൃദയതാളവുമായി ജില്ലാ കലോത്സവ വേദിയിൽ ഇന്നു ഗോത്രകലകൾ മാറ്റുരയ്ക്കും.
മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയനൃത്തം (കമ്പളകളി, വട്ടക്കളി), ഇരുളനൃത്തം (ആട്ടം പാട്ടം), പളിയനൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയാണ് മത്സരയിനങ്ങളായി കലോത്സവവേദികള്ക്കു പുതുതാളം പകരുക. കുറ്റമറ്റരീതിയിൽ വിധിനിർണയമടക്കം പൂർത്തിയാക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായി.
ഇന്ന് ഒന്നാംവേദിയായ ടൗൺ ഹാളിൽ (ആനന്ദഭൈരവി) ഇരുളനൃത്തം ഹൈസ്കൂൾവിഭാഗം മത്സരത്തിനു രാവിലെ 11നു തുടക്കമാകും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എച്ച്എസ്എസ് വിഭാഗം മത്സരം. വൈകീട്ട് നാലിനു ഹൈസ്കൂൾ, 5.30ന് എച്ച്എസ്എസ് വിഭാഗം പണിയനൃത്തവും നടക്കും. നാളെ ഒന്പതാംവേദിയായ എച്ച്സിസി ഗേൾസ് യുപിഎസിൽ (മേഘമൽഹാർ) രാവിലെ ഒന്പതിനു ഹൈസ്കൂൾ വിഭാഗം, 10.30ന് എച്ച്എസ്എസ് വിഭാഗം മംഗലംകളി മത്സരവും നടക്കും.
ഉച്ചയ്ക്കു 12നു ഹൈസ്കൂൾ വിഭാഗം മലയപ്പുലയാട്ടം. ഉച്ചതിരിഞ്ഞു രണ്ടിനു എച്ച്എസ്എസ് വിഭാഗവും. പളിയനൃത്തം ഇരുവിഭാഗങ്ങളുടെയും മത്സരങ്ങൾ ഉച്ചതിരിഞ്ഞു 3.30നും വൈകീട്ട് അഞ്ചിനും ആരംഭിക്കും.