കാലംതെറ്റി പെയ്ത മഴയ്ക്കു മുന്നിൽ ശാപംവിട്ടൊഴിയാതെ നെൽകർഷകർ
1484676
Thursday, December 5, 2024 8:11 AM IST
എൽത്തുരുത്ത്: കാലംതെറ്റി പെയ്ത കനത്ത മഴയുടെ മുന്നിൽ ഗതികേടിലാണ് ചേറ്റുപുഴ കിഴക്കേ കോൾപ്പടവിലെ നെൽകർഷകർ. നൂറേക്കർ വരുന്ന നെൽക്കൃഷിയാണ് കനത്ത മഴയിൽ നശിച്ചത്. ഇതിൽ കോർപറേഷൻപരിധിയിൽ വരുന്ന 55 ഏക്കർ കൃഷി പൂർണമായി നശിച്ചു. ബാക്കി 44 ഏക്കറിൽ ഭാഗികമായി കൃഷിനാശം ഉണ്ടായി.
കാര്യാട്ടുകരയിലെ കോൾപ്പാടത്തെ ബണ്ട് പൊട്ടിയതുമൂലം മാരാർ കോൾപ്പടവ്, പള്ളിക്കോൾ ബണ്ടുകൾ പൊട്ടി ഒഴുകിയെത്തിയ വെള്ളം ഏനാമ്മാവിലേക്കും കടലിലേക്കും പോകാതെ ചേറ്റുപുഴ കിഴക്കേ കോൾപ്പടവിലേക്കു തള്ളിക്കയറിയതാണ് കൃഷിനാശത്തിനു കാരണമായത്.
കഴിഞ്ഞവർഷം കൃഷിചെയ്തിട്ടും കാലാവസ്ഥാവ്യതിയാനം നെൽച്ചെടികൾ നശിപ്പിച്ചതിനാൽ കർഷകർക്കു ഭീമമായ നഷ്ടം വന്നിരുന്നു.
പല കർഷകരും അന്നു വിളവ് കുറഞ്ഞതിനാൽ നെല്ല് കൊയ്തതേയില്ല. എന്നാൽ, ഇത്തവണ മുൻപത്തെ നഷ്ടം വകവയ്ക്കാതെ നേരത്തേതന്നെ 15000 രൂപ മുതൽ ഏക്കറിനു പണം ചെലവഴിച്ചാണ് നെൽകൃഷി ആരംഭിച്ചത്. പലരും വലിയ വിലകൊടുത്ത് വാങ്ങിയ വളമിട്ട് വളർത്തിയെടുത്ത രണ്ടുമാസമെത്തിയ നെൽച്ചെടികളാണ് കഴിഞ്ഞദിവസം പെയ്ത ഒറ്റമഴയിൽ നഷ്ടമായത്. ഭൂരിഭാഗം ചെടികൾ ഒഴുകിപ്പോകുകയും മറ്റുള്ളവ നശിക്കുകയും ചെയ്ത സാഹചര്യത്തിൽ കൃഷി വീണ്ടും ഒന്നിൽനിന്ന് ആരംഭിക്കേണ്ട ഗതികേടിലാണ് കർഷകർ.
നിലവിൽ ബണ്ടു പൊട്ടിയ ഭാഗത്തെ കണക്കുകൾമാത്രമേ അധികാരികൾ എടുത്തുപോയിട്ടുള്ളൂവെന്നും എന്നാൽ ഒഴുകിയെത്തിയ വെള്ളംമൂലം ഉണ്ടായ ചേറ്റുപുഴ കിഴക്കേകോളിലെ നാശം ഇതുവരെ അധികൃതർ വിലയിരുത്തിയിട്ടില്ലെന്നും പരാതിയുണ്ട്. നഗരത്തിൽനിന്ന് ഒഴുകിയെത്തിയ മാലിന്യങ്ങളും കുപ്പിച്ചില്ലുകളുമടക്കം കൃഷിയിടത്തിൽ വ്യാപകമായതോടെ നിലത്തിൽ ഇറങ്ങാനും കർഷകർക്കു ഭയമാണിപ്പോൾ.
കർഷകരുടെ ദുരിതം പരിഹരിക്കാൻ നടപടികൾ ഉടൻ കൈക്കൊള്ളണമെന്നു പടവ് പ്രസിഡന്റ് പ്രഫ. പി.കെ. ഡേവിഡ്, സെക്രട്ടറി ഷോഫി, ട്രഷറർ ജോണി എന്നിവർ ആവശ്യപ്പെട്ടു.