മത്സരങ്ങൾ വൈകിയതു മണിക്കൂറുകൾ വേദികൾ തമ്മിലുള്ള ദൂരം കുട്ടികളെ വലച്ചു
1484392
Wednesday, December 4, 2024 6:45 AM IST
തൃശൂർ: വേദികൾ തമ്മിലുള്ള ദൂരവും മഴയും മത്സരം വൈകിച്ചതു മണിക്കൂറുകൾ. രാവിലെ ഒന്‍പതിന് ആരംഭിക്കേണ്ട മത്സരങ്ങൾ പലതും ഒന്നരമണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. തുടർമത്സരങ്ങളും വിദ്യാർഥികൾ കൃത്യസമയത്ത് എത്താതെ ഏറെ വൈകി. ഒന്പതാംവേദിയായ എച്ച്സിസി ഗേൾസ് യുപി സ്കൂളിൽ ആദ്യം എച്ച്എസ്എസ് വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നാടോടിനൃത്തവും ഗ്രൂപ്പ് ഡാൻസും ഭരതനാട്യവുമാണ് അരങ്ങേറേണ്ടിയിരുന്നത്.
എന്നാൽ, രാവിലെ 11.30ന് ആരംഭിക്കേണ്ട ഗ്രൂപ്പ് ഡാൻസ് തുടങ്ങിയത് ഉച്ചകഴിഞ്ഞു മൂന്നിന്. ഇതോടെ ഒന്‍പതാം വേദിയിൽനിന്ന് ബിസിജിഎച്ച്എസ് എൽപി ചെറളയത്തേക്കു ഭരതനാട്യം മാറ്റി. വാഹനസൗകര്യമില്ലാത്തവർ വേദികളിലേക്ക് എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ടി. നാടോടിനൃത്തത്തിൽ മത്സരിച്ചവർ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും സംഘനൃത്തത്തിലും പങ്കെടുക്കുന്നുണ്ട്.
ക്ലസ്റ്റർ തിരിച്ചാണു മത്സരങ്ങൾ ആരംഭിച്ചതെങ്കിലും ഒന്നിലധികം മത്സരങ്ങളിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി അറിയിക്കണമെന്നു സംഘാടകർ നിർദേശിച്ചിരുന്നു. ഇതനുസരിച്ചു പരിപാടികൾ ക്രമീകരിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും പരാതി. 12 ടീമുകൾ മത്സരിച്ച സംഘനൃത്തം ആദ്യം അനൗണ്‍സ് ചെയ്തതു രാവിലെ 11.30നാണ്. എല്ലാവരും ചെസ്റ്റ് നന്പർ വാങ്ങിപ്പോയെങ്കിലും ആരും പിന്നീട് വേദിക്കരികിൽ എത്തിയില്ലെന്നു സ്റ്റേജ് മാനേജ്മെന്റ് ചുമതലയുണ്ടായിരുന്നവർ പറഞ്ഞു.
ഉച്ചകഴിഞ്ഞു രണ്ടിന് വേദിക്കരികിൽ എത്തണമെന്ന അനൗണ്‍സ്മെന്റ് തുടങ്ങിയെങ്കിലും ആരും വകവച്ചില്ല. ഇതു ചെറിയ തർക്കത്തിനും ഇടയാക്കി. അധികൃതർ നിലപാട് കടുപ്പിച്ചതോടെയാണു ടീമുകൾ എത്തിയത്. അപ്പീലുകൾ വന്നാൽ ഫലപ്രഖ്യാപനമടക്കം മത്സരങ്ങൾ ഇനിയും വൈകുമെന്നു സംഘാടകർ പറഞ്ഞു.