മൂകാഭിനയത്തിൽ ഹാട്രിക് നേടി മണ്ണുത്തി ഡോണ്‍ബോസ്കോ
1484391
Wednesday, December 4, 2024 6:45 AM IST
തൃശൂർ: ഹാട്രിക് വിജയത്തിന്റെ സുവർണനേട്ടവുമായി മൂകാഭിനയമത്സരത്തിൽ ഒന്നാമതെത്തി മണ്ണുത്തി ഡോണ്‍ബോസ്കോ എച്ച്എസ്എസ്. ജില്ലാ കലാമത്സരത്തിൽ തുടർച്ചയായ മൂന്നാംജയം.
ഒന്‍പതാംതവണയാണ് മൈമിൽ മത്സരിക്കാൻ ഡോണ്‍ ബോസ്കോ സംസ്ഥാനതലത്തിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. 2016, 17, 19 വർഷങ്ങളിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടി. ഇക്കുറിയും കപ്പടിക്കുമെന്നു പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികളായ ആവണി പ്രതീഷ്, അലക്സ് ഷാജു, ജുവൽ അബ്രഹാം ബിജു , ആൻസൻ ജെയ്സണ്‍, ഏയ്ഞ്ചലിൻ മോണിക്ക, ആദിൻ റാഫി, ഡി. ദിശ എന്നിവർ പറയുന്നു.
കോൽക്കൊത്തയിലെ ഡോക്ടർ പീഡനത്തിനിരയായി മരിച്ച സംഭവമാണ് മൈമിനു പ്രമേയമായത്. ഫൂലൻ ദേവിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുന്ന സ്ത്രീയുടെ നിശ്ചയദാർഢ്യവും അതിജീവനവുമാണ് മൈമിൽ ആവിഷ്കരിച്ചത്. സ്ത്രീയുടെ പ്രതിരോധവും പുരുഷാധിപത്യത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകതയും രാഷ്ട്രീയവും മൂകാഭിനയത്തിലൂടെ കാണികളിലേക്കെത്തിക്കാൻ അഭിനേതാക്കൾക്കു കഴിഞ്ഞു.
തൃശൂർ ജവഹർ ബാലഭവനിലെ നാടകപഠനത്തിലൂടെ കലാജീവിതം ആരംഭിച്ച അനീഷ് രവീന്ദ്രൻ, അഭിൻ രവീന്ദ്രൻ എന്നിവരാണ് ഒന്‍പതു വർഷമായി ഡോണ്‍ ബോസ്കോയിലെ വിദ്യാർഥികളെ മൂകാഭിനയം പരിശീലിപ്പിക്കുന്നത്.