നാടോടിനൃത്തത്തിൽ അസിന് മിന്നുംജയം
1484387
Wednesday, December 4, 2024 6:45 AM IST
കുന്നംകുളം: വടക്കൻപാട്ടിലെ വീരവനിതയായ പൂമാതൈ പൊന്നമ്മയുടെ കഥപറഞ്ഞ് എച്ച്എസ്എസ് വിഭാഗം നാടോടിനൃത്തത്തിൽ ഒന്നാംസ്ഥാനം സ്വന്തമാക്കി പി.എസ്. അസിൻ. ഉപജില്ലയിൽ നൽകിയ അപ്പീലിലൂടെ ജില്ലാതലത്തിൽ മത്സരിക്കാനെത്തിയാണു മിന്നുംപ്രകടനം കാഴ്ചവച്ചത്. പൂമാതൈയുടെ കഥ റീകന്പോസ് ചെയ്താണ് വേദിയിലെത്തിച്ചത്.
ജിഎച്ച്എസ്എസ് വില്ലടം സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. നാലുവയസുമുതൽ ഭരതനാട്യവും കുച്ചിപ്പുടിയും പഠിക്കുന്നു. പത്താംക്ലാസിൽ സംസ്ഥാനതലത്തിൽ കുച്ചിപ്പുടിക്ക് എ ഗ്രേഡ് നേടിയിട്ടുണ്ട്. നാടോടിനൃത്തത്തിനു പുറമേ, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിലും ഇക്കുറി മത്സരിക്കുന്നു. ഡോ. സജേഷ് എസ്. നായർ, കലാക്ഷേത്ര അമൽനാഥ് എന്നിവരാണ് ഗുരുക്കൻമാർ. മണലിത്തറ പൂവത്തിങ്കൽ ജസീതയാണ് അമ്മ. ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സാണ്.
വാശിയേറിയ മത്സരമാണു നാടോടിനൃത്തത്തിൽ അരങ്ങേറിയത്. അപ്പീലടക്കം 13 പേരാണു മത്സരിച്ചത്. എല്ലാവർക്കും എ ഗ്രേഡും ലഭിച്ചു. കുറത്തി, മയിലാട്ടം, മകരക്കൊയ്ത്ത്, കോഴിപ്പോര്, കല്ലുകൊത്ത്, വയനാട് ദുരന്തം എന്നിവയെല്ലാം നാടോടിനൃത്തത്തിൽ വിഷയമായി.