കുന്നംകുളത്ത് കലാവർഷം
1484386
Wednesday, December 4, 2024 6:45 AM IST
കുന്നംകുളം: കുന്നംകുളത്തു കലാവർഷം തിമർത്തുപെയ്യാൻ തുടങ്ങി. വർണമായും സംഗീതമായും നൃത്തമായും കലകളുടെ പെരുമഴയിൽ നനഞ്ഞുകുളിർന്നു നിൽപ്പാണ് നഗരം. കലാവർഷത്തിന് ഇന്നത്തേക്കൊരു ശമനമുണ്ടാകുമെങ്കിലും അടുത്തദിവസം മുതൽ വീണ്ടും കനക്കും.
കാലംതെറ്റിയെത്തിയ കനത്ത മഴ കലോത്സവത്തിന്റെ ചൂട് തെല്ലും കുറച്ചിട്ടില്ല. യുപി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി എണ്ണായിരത്തോളം കലയുടെ പുതുനാമ്പുകളാണ് കുന്നംകുളത്തു പൂത്തുലയുക.
ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിവിധ സ്റ്റേജ് - ഓഫ് സ്റ്റേജ് മത്സരങ്ങളാണ് ഇന്നലെ നടന്നത്. രാവിലെ ഒൻപതിനു മത്സരങ്ങൾ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആദ്യദിനത്തിലെ തുടക്കപ്പിഴവുകൾ ഈ വർഷവും പതിവുതെറ്റിച്ചില്ല.
പ്രധാന വേദികളായ കുന്നംകുളം ടൗൺഹാൾ, ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയം, ചിറളയം എച്ച്സിസി ജിയുപി സ്കൂൾ, ബഥനി കോൺവെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ എല്ലാംതന്നെ ഒന്നരമണിക്കൂറോളം വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്. അതിനനുസരിച്ച് മറ്റു മത്സരങ്ങളും വൈകി.
രചന, ചിത്രരചനാമത്സരങ്ങൾ ഇന്നലെ പൂർത്തിയായി. മോണോ ആക്ടും നാടകവും നടന്ന കുന്നംകുളം ടൗൺഹാൾ, കോൽക്കളിയും ഒപ്പനയും നടന്ന ബഥനി ഓഡിറ്റോറിയം എന്നിവിടങ്ങളിലായിരുന്നു കാണികൾ ഏറെയും.
ഇന്നു മത്സരങ്ങൾ ഇല്ല. ഹൈസ്കൂൾവിദ്യാർഥികൾക്കുള്ള നാഷ് പരീക്ഷ സംസ്ഥാനതലത്തിൽ ഉള്ളതുകൊണ്ടാണ് ഇന്നു മത്സരങ്ങളില്ലാത്തത്. നാളെമുതൽ മൂന്നുദിനം എല്ലാ വേദികളും കലാവർഷത്താൽ അനുഗൃഹീതമാകും.