അമീബിക് മസ്തിഷ്കജ്വരം: പ്രോജക്ടുമായി എരുമപ്പെട്ടി സർക്കാർ സ്കൂൾ വിദ്യാർഥികൾ
1461580
Wednesday, October 16, 2024 7:07 AM IST
എരുമപ്പെട്ടി: അമീബിക്ക് മസ്തിഷ്ക്ക ജ്വരത്തിന് പ്രതിവിധിക്കായി പ്രോജക്ട് തയാറാക്കി എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് അന്വേഷണ പ്രോജക്ട് തയാറാക്കിയത്.
അമീബിക് മസ്തിഷ്ക ജ്വരത്തിന് ഇരയാകുന്നത് കൂടുതലും കുട്ടികളാണ്. ജലാശയങ്ങളിൽ നിന്നു രോഗംപടരുന്നത് തടയുന്നതിനുള്ള പ്രതിവിധിയാണ് പ്രോജക്ടിൽ ഉള്ളത്. കെട്ടിക്കിടക്കുന്ന ജലാശയങ്ങൾ, സ്വിമ്മിംഗ്പൂൾ എന്നിവ ശുദ്ധീകരിച്ച് അമീബിക്ക് സൂക്ഷ്മാണുവിനെ നിർമാർജനം ചെയ്ത് രോഗം തടയുന്നതിനായി അമീബിയോ എ പോർട്ടബിൾ പ്ലാസ്മ വാട്ടർ സ്റ്റെറിലൈസർ എന്ന ഉപകരണ നിർമാണവും പ്രൊജക്ടിലുണ്ട്. ഓക്സിജനെ നാല് ഘട്ടങ്ങളിലാക്കി വിഭജിച്ച് പ്ലാസ്മ ഉണ്ടാക്കി അത് ജലത്തിലൂടെ കടത്തിവിട്ട് അമീബിക് ബാക്ടീരിയയെ നശിപ്പിക്കുന്നതാണ് ഈ പോർട്ടബിൾ യന്ത്രത്തിന്റെ പ്രവർത്തനം.
അധ്യാപികയായ പി.സി. ശ്രീജയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികളായ കെ.ജെ. അയോണ, ഫാത്തിമ റാഹില എന്നിവരാണ് പ്രോജക്ട് തയ്യാറാക്കിയത്. ഇതിന്റെ രൂപരേഖ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന് വിദ്യാർഥികൾ കൈമാറി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ചെയർമാൻ ഷീജ സുരേഷ്, സുമന സുഗതൻ, സെക്രട്ടറി കെ.കെ. രാധാകൃഷ്ണൻ എന്നിവർ പ്രോജക്ട് ഏറ്റുവാങ്ങി.