തിരുവുള്ളക്കാവിൽ ആയിരങ്ങൾ ആദ്യാക്ഷരം കുറിച്ചു
1461002
Monday, October 14, 2024 7:36 AM IST
ചേർപ്പ്: തിരുവുള്ളക്കാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ആയിരങ്ങൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ഇന്നലെ പുലർച്ചെ നാലുമുതൽ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ എഴുത്തിനിരുത്തൽ ആരംഭിച്ചു. തിരുവുള്ളക്കാവ് വാരിയത്തെ ടി.വി.ശ്രീധരൻ വാരിയരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യൻമാർ ചടങ്ങിന് നേതൃത്വം നൽകി. ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
തൃശൂർ റൂറൽ എസ്പി ഡോ. നവനീത് ശർമയുടെ മകൻ സ്കന്ദ് ശർമയ്ക്കും തിരുവുള്ളക്കാവിൽ ആദ്യാക്ഷരം കുറിച്ചു. ദേവസ്വം ഭാരവാഹികൾ എസ്പിയെ സ്വീകരിച്ചു. പത്നി ആഷ്ത്ത സ്നേഹയും ഒപ്പമുണ്ടായിരുന്നു.
ക്ഷേത്രം മേൽശാന്തി മഴമംഗലത്ത് തരണനെല്ലൂർ രമേശൻ നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് ആരൂർ ദേവൻ അടിതിരിപ്പാട്, സെക്രട്ടറി എ.എ. കുമാരൻ, നവരാത്രി ആഘോഷ കമ്മിറ്റി കൺവീനർ എം.എ. ഭാസ്ക്കരൻ, പി.കെ. ദാമോദരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.