കെഎസ്ടിപി റോഡ് നിര്‍മാണവും ഠാണ ചന്തക്കുന്ന് വികസനവും സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി
1460600
Friday, October 11, 2024 7:16 AM IST
ഇരിങ്ങാലക്കുട: സംസ്ഥാനപാതയായ കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ റോഡില്‍ നടന്നുവരുന്ന കോണ്‍ക്രീറ്റ് റോഡ് നിര്‍മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു.
റോഡ് നിര്‍മാണത്തിന്റെ പുരോഗതികള്‍ വിലയിരുത്തുന്നതിനായി ഉന്നതതലത്തിലും പ്രാദേശിക തലത്തിലും കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ ചേര്ന്നുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ പൂതംകുളം വരെ ആരംഭിച്ച റോഡ് നിര്‍മാണം നിശ്ചിത കാലയളവിനുള്ളില്‍ ഇരുവശങ്ങളിലും പൂര്‍ത്തിയാക്കുന്നതിന് തീരുമാനമായി. തുടര്‍ന്ന് മാപ്രാണം മുതല്‍ കരുവന്നൂര്‍ വരെ നിര്‍മാണം ആരംഭിക്കും.
ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ പൂതംകുളം വരെ നിലവില്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ചിട്ടുള്ള പ്രവര്‍ത്തി ജി എസ് ബി ചെയ്ത് കഴിഞ്ഞാല്‍ ആ വശത്ത് കൂടി വാഹനങ്ങള്‍ കടത്തി വിട്ട് റോഡിന്റെ കിഴക്ക് ഭാഗം പൊളിച്ച് പ്രവര്‍ത്തികള്‍ ആരംഭിക്കും. പെരുന്നാളിന് മുന്നോടിയായി കത്ത്രീഡല്‍ പള്ളിക്ക് സമീപത്തെ റോഡ് ഗതാഗതയോഗ്യമാക്കും.
റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വ്യാപാരികളും ബസ് ഉടമകളും മുന്നോട്ടുവച്ച ആശങ്കകള്‍ വിവിധ ഘട്ടങ്ങളില്‍ പരിഗണിച്ചാണ് റോഡ് നിര്‍മാണത്തിന്റെ വിവിധ റീച്ചുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.