വ്യാജ അക്ഷയകേന്ദ്രങ്ങൾ വഴി വ്യക്തിവിവരങ്ങൾ ചോരുന്നു
1460266
Thursday, October 10, 2024 8:28 AM IST
തൃശൂർ: അക്ഷയകേന്ദ്രങ്ങൾക്കു സമാന്തരമായി പ്രവർത്തിക്കുന്ന സേവനകേന്ദ്രങ്ങളിൽനിന്നു വ്യക്തിവിവരങ്ങൾ ചോരുന്നെന്ന് പരാതി.
വ്യാജ ഓണ്‍ലൈൻ സേവനകേന്ദ്രങ്ങൾ പൊതു ലോഗിൻ ഐഡി ഉപയോഗിച്ചു വാണിജ്യാടിസ്ഥാനത്തിൽ ജനങ്ങൾക്കു സർക്കാർ സേവനങ്ങൾ നൽകുന്നതിനൊപ്പം വലിയ തുകയാണ് സർവീസ് ഇനത്തിൽ വാങ്ങുന്നത്. ഡിടിപി - കന്പ്യൂട്ടർ സെന്ററുകളുടെ ലൈസൻസ് ഉപയോഗിച്ച് ആരംഭിക്കുന്ന സ്ഥാപനങ്ങളാണ് അക്ഷയകേന്ദ്രങ്ങൾക്കു ബദലായി മാറുന്നത്. ഇതിനെതിരേ ഫോറം ഫോർ അക്ഷയ സെന്റർ ഓണ്‍ട്രപ്രണേഴ്സ് (ഫേസ്) കാന്പയിനു തുടക്കമിട്ടു.
ജില്ലാ കളക്ടർ ചെയർമാനായ ഇ ഗവേണൻസ് സൊസൈറ്റി നടത്തുന്ന പരീക്ഷയും തദ്ദേശസ്വയംഭരണവകുപ്പ് നടത്തുന്ന അഭിമുഖവും പാസാകുന്നവർക്കാണ് അക്ഷയ സെന്റർ തുടങ്ങാൻ അനുമതി നൽകുന്നത്. സർക്കാരിന്റെ അംഗീകാരമില്ലാതെ ആരംഭിക്കുന്ന സ്ഥാപനങ്ങൾക്കു ജനങ്ങളുടെ സ്വകാര്യരേഖകൾ ശേഖരിക്കാനും കേരളത്തിനുപുറത്തുള്ള നിരവധി വ്യാജ വെബ്സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്യാനും കഴിയും. ഇതു വൻപ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. മൊബൈൽ ഫോണിൽ ഒടിപി ആവശ്യപ്പെട്ടും ലോണ്‍ ആപ്പുകളിൽനിന്നും സന്ദേശങ്ങൾ എത്തുന്നതു വ്യാപക സാന്പത്തികതട്ടിപ്പിനും ഇടയാക്കുന്നു.
ഇത്തരം പ്രവണതകൾ നിയന്ത്രിക്കണമെന്നും ഓണ്ലൈൻസേവനങ്ങൾക്കു സർക്കാർ അംഗീകരിച്ച സേവനകേന്ദ്രം അക്ഷയ മാത്രമാണെന്നും വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനാണ് ഫേസ് കാന്പയിനുകളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ കാലയളവിൽ സംരംഭകർ നേടിയെടുത്ത സർക്കാർ ഉത്തരവുകളും കോടതിവിധികളും ഉൾപ്പെടുത്തി രേഖകൾ വിവിധ സർക്കാർ വകുപ്പ് മേധാവികൾക്കു കൈമാറി. ചേർപ്പ് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലും മറ്റു സർക്കാർ ഓഫീസുകളിലുമാണ് ആദ്യഘട്ട കാന്പയിൻ.
സ്വന്തം ലേഖകൻ