നാടിന്റെ സാംസ്കാരികവളർച്ചയ്ക്കു പഠനത്തോടൊപ്പം കലാപഠനവും അനിവാര്യം: കലാമണ്ഡലം ഗോപി
1460258
Thursday, October 10, 2024 8:21 AM IST
പേരാമംഗലം: കുട്ടികൾ പഠനത്തോടൊപ്പം കലയും അഭ്യസിക്കുന്നത് സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയ്ക്കു സഹായകമാകുമെന്ന് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി. പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിൽ എരവത്ത് ഗിരിജൻമാരാരുടെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ച 12 കൊച്ചുകലാകാരന്മാരുടെ അരങ്ങേറ്റം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തോടൊപ്പം കലാ അഭ്യസനത്തിനു പ്രാധാന്യം നൽകുന്ന വിദ്യാലയ അധികൃതരെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു. അരങ്ങേറ്റം കുറിക്കുന്ന 12 കലാകാരന്മാരും ഗോപിയാശാന്റെ അനുഗ്രഹം ഏറ്റുവാങ്ങി.
പ്രസിദ്ധ മേളവിദ്വാൻ കലാശ്രീ കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാർ മുഖ്യാതിഥിയായി. അച്യുതൻകുട്ടി മാരാർ കുട്ടികൾക്കു കോല് കൈമാറിയതോടെ അരങ്ങേറ്റം നടന്നു.
ചെണ്ട ആശാനും ഗുരുനാഥനുമായ എരവത്ത് ഗിരിജന്മാരാർ, കാട്ടേടത്ത് ഭാസ്കരൻ നായർ, പേരാമംഗലം ഗോപി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ.പി. രവിശങ്കർ അധ്യക്ഷത വഹിച്ചു. മാനേജർ എം.വി. ബാബു, ദുർഗാസമാജം സെക്രട്ടറി കെ.വി. ഷാജു, പ്രിൻസിപ്പൽ കെ.വി. സ്മിത, പ്രധാനാധ്യാപകരായ എം.എസ്. രാജു, കെ. കൃഷ്ണൻകുട്ടി എന്നിവർ സംബന്ധിച്ചു. കൺവീനർ വി. ശങ്കരൻ സ്വാഗതവും രക്ഷിതാക്കളുടെ പ്രതിനിധി മനോജ് നന്ദിയും പറഞ്ഞു.