"റോഡുകളുടെ പുനര്‍നിര്‍മണം അടിയന്തരമായി പൂര്‍ത്തീകരിക്കണം'
1460044
Wednesday, October 9, 2024 8:36 AM IST
ഇരിങ്ങാലക്കുട: തൃശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന ഠാണ - പൂതംക്കുളം റോഡിന്റെയും നഗരസഭ പരിധിയില്‍ അമ്യത് കുടിവെള്ളപദ്ധതിയുടെ ഭാഗമായി ഭാഗികമായി പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ജനപ്രതിനിധികളില്‍ നിന്നും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളില്‍ നിന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സ്വകാര്യ ബസുകള്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ സര്‍വീസ് നടത്തുന്ന സാഹചര്യമാണെന്നും കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പണിയില്‍ പുരോഗതിയില്ലെന്നും കെഎസ്ടിപിയുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്നും ആവശ്യമുയര്‍ന്നു. നഗരസഭ ആക്ടിംഗ് ചെയര്മാന് ബൈജു കുറ്റിക്കാന്, കോണ്‍ഗ്രസ് പ്രതിനിധി ആന്റോ പെരുമ്പിള്ളി, എംപിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട എന്നിവരാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്. ഇതു സംബന്ധിച്ച് മന്ത്രിതലത്തില്‍ തന്നെ മൂന്നു യോഗങ്ങള്‍ വിളിച്ചുചേര്‍ത്തതാണെന്നും ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ലെന്നും യോഗത്തിന്റെ വികാരം ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു.
അമൃത് കുടിവെള്ള പദ്ധതിയുടെ പണികള്‍ മന്ദഗതിയിലാണെന്നും ഇക്കാര്യം കരാറുകാരെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ഉന്നതതലത്തില്‍ യോഗം വിളിക്കുന്നുണ്ടെന്നും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥന് അറിയിച്ചു. വാട്ടര്‍ അഥോറിറ്റിയുടെ പണികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിവിധ റോഡുകളുടെ ടാറിംഗ് പണികള്‍ ആരംഭിക്കുമെന്ന് നഗരസഭ ആക്ടിംഗ് ചെയര്മാന് വ്യക്തമാക്കി. ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഈ മാസം 28നു പ്രത്യേക അദാലത്ത് നടത്തുന്നുണ്ടെന്നു കേരള കോണ്‍ഗ്രസ് പ്രതിനിധി സാം തോംസന്റെ ചോദ്യത്തിനു മറുപടിയായി തഹസില്‍ദാര്‍ സിമേഷ് സാഹു അറിയിച്ചു.
ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളുടെ സമയവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നു യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥനു നിര്‍ദേശം നല്കി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. തമ്പി, കെ.എസ്. ധനീഷ്, മറ്റു ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, കക്ഷി പ്രതിനിധികള്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.