കൊരട്ടിമുത്തിയുടെ തിരുനാളിന് നാളെ കൊടിയേറും
1459764
Tuesday, October 8, 2024 8:09 AM IST
കൊരട്ടി: പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അദ്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിന് നാളെ കൊടിയേറും. നാടിന്റെ നാനാഭാഗങ്ങളിൽനിന്നു ദർശനപുണ്യംതേടിയെത്തുന്ന ഭക്തജനങ്ങൾക്കായി പള്ളിയും അങ്കണവും അനുബന്ധക്രമീകരണങ്ങളും സജ്ജമാണെന്ന് വികാരി ഫാ. ജോൺസൺ കക്കാട്ട്, ഇടവകട്രസ്റ്റിമാരായ ജോഫി നാൽപ്പാട്ട്, വി.ഡി. ജൂലിയസ്, തിരുനാൾ ജനറൽ കൺവീനർ ജിഷോ ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുനാളിന്റെ ഏകോപനം കുറ്റമറ്റതാക്കാൻ 15 ലീഡർമാരും 240 വോളന്റിയർമാരും അടങ്ങുന്ന തിരുനാൾ കമ്മിറ്റി രൂപീകരിച്ചു. മുഴുവൻസമയ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കുന്നതിനൊപ്പം വാഹന പാർക്കിംഗിനു വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തിരുനാൾദിനങ്ങളിൽ സ്വകാര്യ, കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തു. പോലീസ്, ഫയർഫോഴ്സ്, തദ്ദേശസ്വയംഭരണം, ഇറിഗേഷൻ, വൈദ്യുതി, ജല അഥോറിറ്റി അടക്കമുള്ള മുഴുവൻ വകുപ്പുകളുടെയും പ്രവർത്തനങ്ങളുടെ കൃത്യമായ ഏകോപനം ഗ്രാമപഞ്ചായത്ത് അധികൃതരുടെയും സനീഷ് കുമാർ ജോസഫ് എംഎൽഎയുടെയും സാന്നിധ്യത്തിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.
നാളെ വൈകീട്ട് നാലിനു ജപമാല, ലദീഞ്ഞ് എന്നിവയ്ക്കുശേഷം കൊടിയേറ്റ് നടക്കും.
തുടർന്ന് പ്രദക്ഷിണമായി ടൗൺ കപ്പേളയിലെത്തും. പതിവുപോലെ ഈ വർഷവും കൊരട്ടി മർച്ചന്റ്സ് അസോസിയേഷനാണ് ടൗൺ കപ്പേള തിരുനാൾ ഏറ്റെടുത്തുനടത്തുന്നത്. 5.30ന് ടൗൺ കപ്പേളയിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ഡേവീസ് ചിറയ്ക്കൽ കാർമികനാകും. ഫാ. അസി തൈപ്പറമ്പിൽ വചനസന്ദേശം നൽകും.
10ന് റോസറി വില്ലേജ് ഡേ ആഘോഷിക്കും. 11ന് ഇടവകജനങ്ങളുടെ പൂവൻകുലസമർപ്പണം. 12, 13 തീയതികളിലാണ് പ്രധാന തിരുനാൾ. 13ന് രാവിലെ അഞ്ചിനാണ് അദ്ഭുതരൂപം എഴുന്നള്ളിക്കൽ. 19, 20 തീയതികളിൽ എട്ടാമിടം. 26, 27 തീയതികളിൽ പതിനഞ്ചാമിടം.