ദേവാലയങ്ങളിൽ തിരുനാൾ
1459552
Monday, October 7, 2024 7:19 AM IST
കൊടുങ്ങ റോസരി ഹില്‍ ആശ്രമ ദേവാലയത്തിൽ
വെള്ളിക്കുളങ്ങര: കൊടുങ്ങ റോസരി ഹില്‍ ആശ്രമ ദേവാലയത്തില്‍ കുരുക്കഴിക്കുന്ന മാതാവിന്റെ തിരുനാളിനു കൊടിയേറി. ആശ്രമം സുപ്പീരിയര്‍ ഫാ. തോമസ് തടത്തിമാക്കല്‍ സിആര്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഫാ. ജോസ് അങ്ങാടിശേരി സിആര്‍, ഫാ. ജോജോ മുള്ളൂര്‍ സിആര്‍ എന്നിവര്‍ സഹകര്‍മികരായിരുന്നു.
ഇന്നും നാളെയും രാവിലെ 6.15നു ദിവ്യബലിയും പ്രധാന തിരുനാള്‍ ദിനമായ ബുധനാഴ്ച രാവിലെ 10നു കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ഷിബു നെല്ലിശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, വെള്ളിക്കുളങ്ങര ഹോളിഫാമിലി പള്ളി വികാരി ഫാ. ബെന്നി ചെറുവത്തൂരിന്റെ സന്ദേശം എന്നിവയുണ്ടാകും. മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ.ജോര്‍ജ് വേഴപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ നൊവേനയും ഉണ്ടാകും.
തിരുമുടിക്കുന്ന് പള്ളിയിൽ
കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഓർമത്തിരുനാൾ ആഘോഷിച്ചു. ഇന്നലെ രാവിലെ നടന്ന ആഘോഷമായ പാട്ടുകുർബാനക്ക് ഫാ. ഡേവിഡ് ചിറക്കൽ ഒഎഫ്എം കാർമികനായി.
പരിശുദ്ധ മാതാവിന്റെ ജപമാലയ്ക്കുശേഷം വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരുന്നു. തുടർന്ന് നടന്ന പൊതുയോഗം ഫാ. സ്റ്റെഫിൻ മൂലൻ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ്കൻ അൽമായ സഭ പ്രസിഡന്റ് വത്സ ആന്റണി അധ്യക്ഷത വഹിച്ചു. ഫാ. ഡേവിഡ് ചിറക്കൽ മുഖ്യപ്രഭാഷണം നടത്തി.
ആനിമേറ്റർ എഫ്സിസി മഠം മദർ സുപ്പീരിയർ സിസ്റ്റർ എൽസി ആന്റണി, പള്ളി ട്രസ്റ്റി ജോയി ജോൺ, കുടുംബ യൂണിറ്റ് കേന്ദ്രസമിതി വൈസ് ചെയർമാൻ അവറാച്ചൻ തച്ചിൽ, ജോർജ് പാറേക്കാടൻ, സ്റ്റീഫൻ ജോസ് തരകൻ, ആനി ആന്റണി, റോസി ആന്റു, ജെസി ജോർജ് എന്നിവർ പ്രസംഗിച്ചു.