അഴിമതി ആരോപണം: നാട്ടുകാർ റോഡുപണി തടഞ്ഞു
1459150
Saturday, October 5, 2024 7:51 AM IST
പുന്നയൂർക്കുളം: ഉപ്പുങ്ങൽ പാലായ്ക്കൽ കടവിൽ റോഡ് നവീകരണപ്രവൃത്തിയിൽ അഴിമതി ആരോപിച്ച് നാട്ടുകാര്‍ പണികള്‍ തടഞ്ഞു. നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി റോഡിന്റെ തെക്കുഭാഗത്തായി എസ്റ്റിമേറ്റിൽനിന്നുമാറി സംരക്ഷണഭിത്തി നിർമിക്കുന്നെന്നാരോപിച്ചാണു നാട്ടുകാർ പണി തടഞ്ഞത്.
തകർന്നുകിടക്കുന്ന പഴയ സംരക്ഷണഭിത്തിക്കു മുകളിലുള്ള നിർമാണപ്രവർത്തനമാണ് നാട്ടുകാർ തടഞ്ഞത്. പരൂർ കോൾപടവ് കമ്മിറ്റി സെക്രട്ടറി എ.ടി. അബ്ദുൾ ജബ്ബാർ അടക്കമുള്ള പൊതുപ്രവർത്തകരും നാട്ടുകാരുമാണു പണിതടഞ്ഞത്. ഉദ്യോഗസഥരുടെ മേല്‍നോട്ടമില്ലാതെ പ്രവൃത്തികള്‍ നടത്തുന്നതു പ്രതിഷേധക്കാർ ചോദ്യം ചെയ്തു. തുടർന്ന് പണിനിർത്തിവച്ചു. ഇതിനിടെ സ്ഥലത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റും നാട്ടുകാരും തമ്മിലുള്ള തർക്കം രൂക്ഷമായ വാക്പോരിനിടയാക്കി. സ്ഥിതിഗതികൾ രൂക്ഷമായതോടെ വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
പിന്നീട് സ്ഥലത്തെത്തിയ പൊതുമരാമത്തുവകുപ്പ് പ്രശ്നം പരിഹരിച്ചശേഷമേ പണികൾ ആരംഭിക്കുകയുള്ളൂവെന്ന് ഉറപ്പുനൽകി. രണ്ടു കിലോമീറ്റർ ദൂരംവരുന്ന റോഡിന്റെ അവസാനഘട്ടപണികളാണ് നടക്കുന്നത്. ഇവിടെ രണ്ടുവശത്തു കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കാനാണ് എസ്റ്റിമേറ്റെന്നു നാട്ടുകാർ പറയുന്നു.
എന്നാൽ ഒരു വശത്തുമാത്രമാണ് സംരക്ഷണഭിത്തി നിർമിക്കുന്നത്. വെള്ളംകയറുന്ന സ്ഥലമായതിനാൽ രണ്ടിടത്തും സംരക്ഷണഭിത്തി കെട്ടിയില്ലെങ്കിൽ റോഡ് ഇടിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. 2.5 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. പണിനീണ്ടപ്പോൾ 25 ലക്ഷം രൂപകൂട്ടി സംരക്ഷണഭിത്തി ഒരു ഭാഗത്തു മാത്രമാക്കിയെന്ന് കരാറുകാരൻ പറയുന്നു. ഇതിനിടെ, അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനു പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.