എടത്തിരുത്തിയിൽ പൊട്ടിയ പൈപ്പ് ശരിയാക്കി, കുടിവെള്ളം ഇന്നെത്തിയേക്കും
1459148
Saturday, October 5, 2024 7:51 AM IST
കയ്പമംഗലം: എടത്തിരുത്തിയിൽ പൊട്ടിയ നാട്ടിക ശുദ്ധജലപദ്ധതിയിലെ പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ട്രയൽറൺ ആരംഭിച്ചു. തീരദേശത്തെ പത്ത് പഞ്ചായത്തുകളിൽ മുടങ്ങിയ കുടിവെള്ളവിതരണം ഇന്ന് വീണ്ടും തുടങ്ങിയേക്കും.
എടത്തിരുത്തി പഞ്ചായത്തിലെ ഏറാക്കലിലാണ് പൈപ്പ് പൊട്ടിയത്. തുടർന്ന് ഏങ്ങണ്ടിയൂർ മുതൽ ശ്രീനാരായണപുരം വരെയുള്ള പത്ത് പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം തടസ്സപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും ഭൂമിക്കടിയിൽനിന്നു ഏറുജലം വരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വലിയ മോട്ടോർ എത്തിച്ച് വെള്ളം അടിച്ചുകളഞ്ഞാണ് ജോലികൾ പൂർത്തിയാക്കിയത്. കുഴിയെടുക്കുന്നതിനു സമീപത്ത് വൈദ്യുതി പോസ്റ്റ് ഉള്ളതിനാൽ കാട്ടൂർ കെഎസ്ഇബി ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.
ഒൻപതു തൊഴിലാളികൾ 12 മണിക്കൂറോളം തുടർച്ചയായി കഠിനാധ്വാനംചെയ്താണ് അറ്റകുറ്റപ്പണി പൂർത്തീകരിച്ചു ട്രയൽറൺ ആരംഭിച്ചത്. നാട്ടിക അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ലിറ്റി ജോർജ്, വാടാനപ്പിള്ളി സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ ഷാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി.