റെയിൽവേ സ്റ്റേഷൻ വികസനം : സുരേഷ് ഗോപി എട്ടുകാലിമമ്മൂഞ്ഞ് ചമയുന്നു: ടി.എൻ. പ്രതാപൻ
1458910
Friday, October 4, 2024 7:07 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രസഹമന്ത്രിയും എംപിയുമായ സുരേഷ് ഗോപി എട്ടുകാലിമമ്മൂഞ്ഞ് ചമയുകയാണെന്നു മുൻ എംപി ടി.എൻ. പ്രതാപൻ. താൻ എംപിയായിരിക്കെയാണ് വിമാനത്താവളമാതൃകയിൽ റെയിൽവേ സ്റ്റേഷൻ പുനർനിർമിക്കാൻ പദ്ധതി തയാറാക്കിയത്.
കഴിഞ്ഞ ഫെബ്രുവരി 26 നു നിർമാണോദ്ഘാടനം പ്രധാ നമന്ത്രി വീഡിയോ കോണ്ഫറൻസിലൂടെ നിർവഹിച്ചു. ഇതേ പദ്ധതിയാണു സുരേഷ് ഗോപി ആവർത്തിച്ചു പ്രഖ്യാപിക്കുന്നതെന്നും പ്രതാപൻ പറഞ്ഞു.
താൻ ഉദ്ഘാടനം നടത്തിയ പദ്ധതി വീണ്ടും അനുമതിക്കായി പരിഗണിക്കുന്ന പ്രധാനമന്ത്രി തൃശൂർ ജനതയെ കബളിപ്പിക്കുകയാണോ എന്നു വ്യക്തമാക്കണം.
തൃശൂരിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റും പങ്കെടുത്തു. വികസനമെന്നതു ക്രെഡിറ്റ് അടിച്ചെടുക്കലല്ല. മുൻപദ്ധതിയിൽനിന്ന് എന്തു മാറ്റമാണുള്ളതെന്നു സുരേഷ് ഗോപി വ്യക്തമാക്കണം. നിരന്തരശ്രമത്തിലൂടെയാണ് റെയിൽവേ സ്റ്റേഷൻ പദ്ധതിക്കു തുടക്കമിട്ടത്. 2020 സെപ്റ്റംബർ 18നു റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചു. തുടർന്നായിരുന്നു ഉദ്ഘാടനം.
വിമാനത്താവളമാതൃകയിൽ നിർമിക്കുന്ന സ്റ്റേഷന്റെ രൂപകല്പന കേരളീയ വാസ്തുശില്പസൗന്ദര്യസങ്കല്പത്തെ ആസ്പദമാക്കിയാണ്. റെയിൽ ലാൻഡ് ഡെവലപ്മെന്റ് അഥോറിറ്റിക്കാണ് നിർമാണച്ചുമതല നൽകിയത്. ഇക്കാര്യങ്ങളെല്ലാം തന്റെ ഓഫീസിൽനിന്നു രൂപരേഖസഹിതം മാധ്യമങ്ങൾക്കു നൽകിയിരുന്നെന്നും പ്രതാപൻ പറഞ്ഞു.
കൂത്തന്പലം പുനരുദ്ധാരണവും പരിഗണനയിൽ: പ്രതാപൻ
തൃശൂർ: വടക്കുന്നാഥ ക്ഷേത്രമൈതാനത്തിന്റെയും വടക്കുന്നാഥനിലെ ദേവസ്വം ബിൽഡിംഗിന്റെയും പരിപാലനത്തിനും കൂത്തന്പലം പുനരുദ്ധാരണത്തിനുമായി താൻ എംപി ആയിരിക്കെ സമർപ്പിച്ച പദ്ധതികൾ ഉദ്യോഗസ്ഥ - വിദഗ്ധതലത്തിൽ അന്തിമപരിഗണനയിലാണെന്നു മുൻ എംപി ടി.എൻ. പ്രതാപൻ പറഞ്ഞു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ അതിന്റെയും പിതൃത്വം ഏറ്റെടുക്കാൻ ആളുണ്ടാകുമെന്ന് സുരേഷ് ഗോപിയെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.
5.80 കോടി രൂപയുടേതാണ് കൂത്തന്പലം പുനരുദ്ധാരണം. വടക്കുന്നാഥക്ഷേത്ര മൈതാനത്തിനായി 50 കോടിയുടെയും ദേവസ്വം ഓഫീസ് കെട്ടിടത്തിന്റെ പരിപാലനത്തിനായി ഏഴുകോടി രൂപയുടെയും പദ്ധതിനിർദേശമാണു സമർപ്പിച്ചത്.