പൂരംവിവാദം കൊഴുക്കുന്നു
1458909
Friday, October 4, 2024 7:07 AM IST
സംഘപരിവാർ ഇടപെടൽ: വി.എസ്. സുനിൽകുമാർ
തൃശൂർ: പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നു സിപിഐ നേതാവും മുൻമന്ത്രിയുമായ വി.എസ്. സുനിൽ കുമാർ. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടന്ന അന്വേഷണത്തിൽ സംതൃപ്തനാണ്. പൂരത്തിന്റെ എല്ലാ ഘട്ടങ്ങളിലും അടിമുടി ദുരൂഹത ഉണ്ടായിരുന്നു എന്നതു സംശയമില്ലാത്ത കാര്യമാണ്. പൂരത്തിന്റെ നടത്തിപ്പിൽ സംഘപരിവാറിന്റെ രാഷ്ട്രീയ ഇടപെടലുണ്ട്. തനിക്കറിയാവുന്ന കാര്യങ്ങൾ പുതിയ അന്വേഷണസംഘത്തിനു മുന്നിൽ പറയും. കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ അവരെ സഹായിക്കാൻ കഴിയുമെങ്കിൽ അതു ചെയ്യും.
റിപ്പോർട്ട് മുഴുവൻ വായിച്ചശേഷമേ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കാനാകൂ. സർക്കാരിൽ വിശ്വാസമുണ്ട്. പാർട്ടിയോടും സർക്കാരിനോടും യോജിച്ചുനിന്നുകൊണ്ടു മാത്രമേ വിയോ ജിപ്പുകൾ പറയാനാവൂ.
പ്രതിപക്ഷത്തിനും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
സത്യം പുറത്തുവരാൻ സിബിഐ വരണം: പാറമേക്കാവ് ദേവസ്വം
തൃശൂർ: പൂരം വിവാദത്തിൽ സത്യ പുറത്തുവരാൻ സിബിഐ അന്വേഷണം വേണമെന്നു പാറമേക്കാവ് ദേവസ്വം. തൃശൂർ പൂരം കലക്കാൻ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും വിദേശ ഫണ്ടിംഗ് ഉണ്ടെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
വെറുതേ അന്വേഷണം പ്രഖ്യാപിച്ചാൽ കുറ്റക്കാർ ആരെന്നു കണ്ടെത്തിയാൽപോലും കേസെടുക്കുകയോ ഇത്തരം പ്രവണത ഒഴിവാക്കാൻ നടപടിയെടുക്കുകയോ ചെയ്യാറില്ല. ആയിരത്തോളം പേജുള്ള റിപ്പോർട്ട് ഏതെങ്കിലും വകുപ്പിലേക്കു പോകുമെന്നല്ലാതെ തുടർനടപടികൾ ഉണ്ടാകാറില്ല. സിബിഐ അന്വേഷണമാണെങ്കിൽ കുറ്റക്കാർക്കെതിരേ കേസെടുത്തു ശിക്ഷാനടപടികൾ സ്വീകരിക്കും.
ആന എഴുന്നള്ളിപ്പ് ഉൾപ്പെടെ പല കേസുകളും സുപ്രീംകോടതിയിലുണ്ട്. കേസ് നൽകിയ തൊണ്ണൂറു ശതമാനവും കപടമൃഗസ്നേഹികളാണ്. കേരളത്തിൽ ഏറ്റവും പ്രൗഢിയിൽ നടക്കുന്ന പൂരത്തെയും മറ്റ് ഉത്സവങ്ങളെയും തകർക്കാനുള്ള പ്രക്രിയയാണ് നടക്കുന്നത്. കേസുകൾ നടത്താൻ ലക്ഷങ്ങൾ ചെലവാകാറുണ്ട്.
ഓടിച്ചുതളർത്താനുള്ള ശ്രമമാണു നടക്കുന്നത്. ഫോറസ്റ്റ് ജിപി നാഗരാജ് നാരായണൻ പൂരം കലക്കൽ സംബന്ധിച്ച് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാതിരുന്നത്..? നിയമങ്ങളുണ്ടാക്കുന്പോൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾപോലും ഉദ്യോഗസ്ഥൻ ഗൗനിച്ചില്ല.
മറ്റു പലരും പിന്നിൽനിന്ന് നിയന്ത്രിക്കുന്നുണ്ടെന്നും ദേവസ്വം സെക്രട്ടറി ആരോപിച്ചു. ഫോറസ്റ്റ് ജിപിയെ സ്ഥാനത്തുനിന്ന് നീക്കണമെന്നും വനംമന്ത്രിയോടും മുഖ്യമന്ത്രിയോടും ദേവസ്വം ആവശ്യപ്പെട്ടു. ജിപിയെ നിയന്ത്രിക്കുന്നവരാരെന്നു പുറത്തുകൊണ്ടുവരണം.
പൂരം എഴുന്നള്ളിപ്പോ പൂരച്ചടങ്ങോ പാറമേക്കാവ് ദേവസ്വം വൈകിപ്പിക്കുകയോ നിർത്തിവയ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നു തിരുവന്പാടി ദേവസ്വം
തൃശൂർ: പൂരം കലക്കിയതിനുപിന്നിൽ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നും മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും തിരുവന്പാടി ദേവസ്വം.
ഏതെല്ലാം തരത്തിൽ ഗൂഢാലോചന നടന്നുവെന്നറിയാൻ ത്രിതലഅന്വേഷണത്തിലൂടെ സാധിക്കും.
പൂരത്തിന്റെ നടത്തിപ്പുകാരാണ് തിരുവമ്പാടി ദേവസ്വം, ഞങ്ങൾതന്നെ പൂരം കലക്കിയെന്നു പറഞ്ഞാൽ എന്താണു പറയുക. പ്രശ്നങ്ങൾ പരിഹരിക്കണമെന്നു നേരത്തേതന്നെ തിരുവമ്പാടി പറഞ്ഞിട്ടുണ്ട്.
ആ അഭിപ്രായങ്ങളെ കാറ്റിൽപ്പറത്തിയാണ് ഈ വിഷമസ്ഥിതിയിലേക്ക് എത്തിച്ചത്. എല്ലാത്തിന്റെയും ഉത്തരവാദിത്വം പൂരപ്രേമികളുടെയും തിരുവമ്പാടിയുടെയുമാണെന്നു പറയുന്നതു തെറ്റാണ്. നാളെ പൂരം കാണാൻ എത്തുന്നവരുടെ പേരിലും കേസെടുക്കുമോ. ആരാണു തെറ്റുചെയ്തതെന്നുള്ള ഗൂഢാലോചന ജനങ്ങളെ അറിയിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു.